ADVERTISEMENT

കൊട്ടാരക്കര∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘം കുറ്റപത്രം തയാറാക്കി തുടങ്ങി. ശാസ്ത്രീയ പരിശോധനയുടെ 2 റിപ്പോർട്ടുകൾ കൂടിയാണ് ഇനി ലഭിക്കാനുള്ളത്. കേസിൽ അതിവേഗ വിചാരണ ഉറപ്പാക്കാനും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനും നിയമ നടപടികളും ആരംഭിച്ചു. കൊല്ലത്തെ പ്രമുഖ അഭിഭാഷകൻ ഉൾപ്പെടെ 3 പേരെയാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി പരിഗണിക്കുന്നത്. ഡോ.വന്ദനയുടെ കുടുംബാംഗങ്ങളുടെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്.

കഴിഞ്ഞ മാസം 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ് ഹൗസ് സർജൻ ഡോ.വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ 5 പേരെ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തത്. കേസിൽ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ, ജീവനക്കാരുടെയും പൊലീസുകാരുടെയും മൊഴികൾ, സന്ദീപിന്റെ നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി, സാഹചര്യ തെളിവുകൾ എന്നിവ അടക്കം ഒട്ടേറെ നിർണായക വിവരങ്ങൾ ക്രൈം‌ബ്രാഞ്ച് ശേഖരിച്ചു കഴിഞ്ഞു.

സന്ദീപിന്റെ മാനസികാവസ്ഥയെക്കുറിച്ചുള്ള പല ഡോക്ടർമാരുടെയും റിപ്പോർട്ടുകളും ഉണ്ട്. ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിച്ചാലുടൻ കുറ്റപത്രം നൽകാനുള്ള ശ്രമത്തിലാണ് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം. സന്ദീപിന്റെ രക്തസാംപിളുകളുടെയും ഡോ.വന്ദനയുടെ വസ്ത്രങ്ങളുടെയും രാസപരിശോധന ഫലവും സന്ദീപിന്റെ മൊബൈൽ ഫോൺ വിവരങ്ങളുമാണ് ലഭിക്കാനുള്ളത്. കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്രിക, ആശുപത്രിയിലെ നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ എന്നിവ അന്വേഷണസംഘത്തിനു ലഭിച്ചു. ജീവനക്കാരുടെയും ദൃക്സാക്ഷികളുടെയും മൊഴികളും‍ പൊലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു. അടുത്ത മാസം 15ന് അകം കുറ്റപത്രം നൽകാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 11 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com