ഹോർട്ടികോർപ് ചെയർമാന്റെ സന്ദർശനം: സ്വകാര്യ കടയിൽ നിന്ന് പച്ചക്കറി എത്തിച്ച് സ്റ്റാൾ നിറച്ചു
Mail This Article
കൊല്ലം∙ ഹോർട്ടികോർപ് ചെയർമാന്റെ സന്ദർശനത്തെ തുടർന്നു സ്വകാര്യ പച്ചക്കറി വ്യാപാരശാലയിൽ നിന്ന് പച്ചക്കറി എത്തിച്ചു ഹോർട്ടികോർപ്. കടപ്പാക്കടയിലെ ഹോർട്ടികോർപ് വിൽപനശാലയിലാണ് ഇന്നലെ രാവിലെ ചെയർമാന്റെ സന്ദർശനത്തെ തുടർന്ന് പച്ചക്കറി പുറത്തു നിന്നു എത്തിച്ചത്. ജില്ലയിലെ മറ്റ് ഹോർട്ടികോർപ് സ്റ്റാളുകളിൽ ആവശ്യത്തിനനുസരിച്ച് പച്ചക്കറികൾ ലഭ്യമാകുന്നില്ലെന്ന പരാതി നിലനിൽക്കുമ്പോളാണ് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പച്ചക്കറി എത്തിച്ചു കട നിറച്ചത്. മറ്റ് സ്റ്റാളുകളിൽ ആവശ്യപ്പെടുന്ന പച്ചക്കറി വൈകുന്നേരം മാത്രമാണ് ഗോഡൗണിൽ നിന്ന് എത്തിച്ചു നൽകുന്നത്. സ്റ്റാളുകളിലെ ജീവനക്കാരുടെ 3 മാസത്തെ ശമ്പളവും കുടിശികയാണ്. ഹോർട്ടികോർപ് പച്ചക്കറി വിൽപനശാലകൾ നഷ്ടം നികത്താൻ കൂടുതൽ പച്ചക്കറികൾ സംഭരിച്ചു വിപണിയിൽ എത്തിക്കുന്നതിന് പകരം വിൽപനശാലകളിലെ കരാർ ജീവനക്കാരുടെ തൊഴിൽ ദിവസങ്ങൾ വെട്ടിക്കുറച്ചും കേടാകുന്ന പച്ചക്കറിയുടെ വില ശമ്പളത്തിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നതായി ആരോപണമുണ്ട്.
രാസവളം പ്രയോഗിക്കാത്ത നാടൻ പച്ചക്കറിക്കായി ജനങ്ങൾ ആശ്രയിച്ചിരുന്ന ഹോർട്ടികോർപ് വിൽപനശാലകളിൽ ഇപ്പോൾ നാടൻ ഇനങ്ങൾ വളരെ കുറവാണ്. മികച്ച വില ലഭിക്കാത്തതിനാൽ കർഷകർ നേരിട്ട് വിപണിയിൽ വിൽപന നടത്തുകയാണ്. കലക്ടറേറ്റ്, സപ്ലൈകോ കൊല്ലം, കേരളപുരം, കരിക്കോട്, കടപ്പാക്കട, കരുനാഗപ്പള്ളി, ചക്കുവള്ളി, പത്മാവതി ജംക‍്ഷൻ, കൊട്ടാരക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് ഹോർട്ടികോർപ് നേരിട്ട് നടത്തുന്ന വിൽപനശാലകളുള്ളത്.