മണ്ണെണ്ണ വിതരണം മുടങ്ങിയിട്ട് 3 മാസം
Mail This Article
കൊല്ലം∙ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സിവിൽ സപ്ലൈസ് വകുപ്പ് മുഖേന ലഭിച്ചു കൊണ്ടിരുന്ന മണ്ണെണ്ണ 3 മാസമായി ലഭിക്കുന്നില്ല. മത്സ്യഫെഡ് മുഖേന ലഭിക്കുന്ന മണ്ണെണ്ണയുടെ സബ്സിഡിയും 4 മാസം കുടിശികയായി. സിവിൽ സപ്ലൈസ് മുഖേന ഒരു പെർമിറ്റിന് മാസം 129 ലീറ്റർ മണ്ണെണ്ണയാണ് അനുവദിച്ചിട്ടുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇപ്പോൾ 2 എൻജിൻ ഉപയോഗിക്കുന്നതിനാൽ ഒരു വള്ളത്തിനു 258 ലീറ്റർ മണ്ണെണ്ണയാണ് 78 രൂപ നിരക്കിൽ ലഭിക്കേണ്ടത്. മണ്ണെണ്ണ ലഭിച്ചിട്ട് 3 മാസമായി. ഒരു വർഷത്തിനിടയിൽ 4 തവണ മാത്രമാണ് സിവിൽ സപ്ലൈസ് മുഖേന മണ്ണെണ്ണ ലഭിച്ചത്.
മത്സ്യഫെഡ് മുഖേന ഇരട്ട എൻജിൻ വള്ളങ്ങൾക്ക് പ്രതിമാസം 280 ലീറ്റർ മണ്ണെണ്ണ ലഭിക്കുന്നുണ്ട്. ഇതിന് 116 രൂപ വരെ വില ഉയർന്നിരുന്നു. ഇപ്പോൾ ലീറ്ററിനു103 രൂപയാണ് മത്സ്യഫെഡിൽ വില. മണ്ണെണ്ണ കൊണ്ടുവരുന്നതിനുള്ള വാഹനക്കൂലി, കയറ്റുമതി കൂലി എന്നിവ ഇതിനു പുറമെയാണ്. മത്സ്യഫെഡ് മുഖേന നൽകുന്ന മണ്ണെണ്ണയ്ക്ക് ലീറ്ററിന് 25 രൂപ സർക്കാർ സബ്സിഡി നൽകുന്നുണ്ട്. മുഴുവൻ വിലയും നൽകിയാണ് മത്സ്യഫെഡിൽ നിന്നു മണ്ണെണ്ണ വാങ്ങേണ്ടത്. സബ്സിഡി തുക പിന്നീട് അനുവദിക്കുകയാണ് പതിവ്. 4മാസത്തെ സബ്സിഡി തുക മത്സ്യബന്ധന തൊഴിലാളികൾക്ക് ലഭിക്കാനുണ്ട്.
സബ്സിഡി തുക ഉയർത്തണമെന്നു മത്സ്യത്തൊഴിലാളികൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മണ്ണെണ്ണ വില 49 രൂപ ആയിരുന്നപ്പോൾ 50 ശതമാനത്തിലധികം തുകയായ 25 രൂപ സബ്സിഡി നൽകിയിരുന്നു. മണ്ണെണ്ണ വില ഉയർന്നെങ്കിലും 50% തുക സബ്സിഡി നൽകാതെ 25 രൂപയായി നിജപ്പെടുത്തുകയായിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് സിവിൽ സപ്ലൈസ് മുഖേന മണ്ണെണ്ണ നൽകാതെ സർക്കാർ വഞ്ചിക്കുകയാണെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ്.സ്റ്റീഫൻ, സെക്രട്ടറി ബി.ക്രിസ്റ്റഫർ എന്നിവർ ആരോപിച്ചു.മത്സ്യഫെഡ് വഴിയുള്ള മണ്ണെണ്ണയ്ക്ക് വില വർധിപ്പിച്ചിട്ടും സബ്സിഡി തുക വർധിപ്പിക്കുന്നില്ല. സബ്സിഡി യഥാസയം നൽകാതെ വഞ്ചിക്കുകയാണ്. ഇതിനെതിരെ മത്സ്യത്തൊഴിലാളികൾ സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞു.