ADVERTISEMENT

കുളത്തൂപ്പുഴ ∙ കർക്കടക വാവ് ബലിതർപ്പണം നടത്താൻ തിങ്കളാഴ്ച ആയിരക്കണക്കിന് ആളുകൾ എത്താനിരിക്കെ ബാലക ശ്രീധർമശാസ്താ ക്ഷേത്രത്തിനു സമീപത്തെ കല്ലടയാറ്റിലെ കടവുകൾ കാടുകയറിയും മണ്ണ് ഇടിഞ്ഞും നശിച്ച നിലയിൽ. കാലപ്പഴക്കത്താൽ തകർന്ന കടവുകൾ നവീകരിക്കാത്തതിനാൽ സുരക്ഷാ ഭീഷണിയുണ്ട് ഇവിടെ. കനത്ത മഴയിൽ കല്ലടയാറ്റിൽ നീരൊഴുക്കു ശക്തമായതോടെ കടവുകൾ വെള്ളം കയറിയ നിലയിലാണ്.

ആറ്റിലേക്ക് ഇറങ്ങി ചടങ്ങുകൾ നടത്തുന്നതിന് അപകട ഭീഷണി ഉണ്ടായിട്ടും സുരക്ഷ ഒരുക്കാൻ പൊലീസും അഗ്നിരക്ഷാ സേനയും രംഗത്തില്ല. കടവുകളിലെ മണ്ണും മാലിന്യവും നീക്കം ചെയ്തു സുഗമമായി പിതൃതർപ്പണ ചടങ്ങുകൾ ഒരുക്കാൻ ഇനിയും നടപടി എടുത്തിട്ടില്ല. കുത്തൊഴുക്കുള്ള കടവുകളിൽ വടം കെട്ടിയും തർപ്പണം നടത്തുന്നവരെ നിയന്ത്രിച്ചും സുരക്ഷ ഒരുക്കേണ്ടതുണ്ട്.

കഴിഞ്ഞ വർഷത്തെ കർക്കടക വാവു ബലിക്ക് നിയന്ത്രണാതീതമായ തിരക്കായിരുന്നു. ക്ഷേത്രം പരിസരം ഗതാഗതക്കുരുക്കിലും. വാഹനക്രമീകരണം ഒരുക്കിയില്ലെങ്കിൽ മലയോര ഹൈവേയിൽ കുരുക്കാകും. പാർക്കിങ്ങിനു ക്ഷേത്രം ഗ്രൗണ്ടിൽ സൗകര്യം കുറവായതിനാൽ വാഹനങ്ങളുടെ തിരക്കു നിയന്ത്രിക്കാൻ വേറെ പാർക്കിങ് ഒരുക്കണം. ഇതൊന്നും ചെയ്തിട്ടില്ല. 2018ലെ പ്രളയത്തിൽ തകർന്ന അമ്പലക്കടവ് സ്നാനഘട്ടം നവീകരിക്കാതിരുന്നതിനാൽ വീണ്ടും ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കൂടുതൽ നാശം ഉണ്ടായി.

കൽ പാളികൾ നിരത്തി നിർമിച്ച സ്നാനഘട്ടം പ്രളയത്തിലെ കുത്തൊഴുക്കിൽ പാടെ തകരുകയായിരുന്നു. ഇവിടെ കാടുകയറിയും മണൽ ഇടിഞ്ഞും ആർക്കും കല്ലടയാറ്റിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കിഴക്കൻ മേഖലയിലെ തിരക്കേറിയ പിതൃതർപ്പണ കേന്ദ്രമായ കുളത്തൂപ്പുഴയിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിലാണു പുലർച്ചെ 2ന് ചടങ്ങുകൾ തുടങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com