കെട്ടിടം ജീർണാവസ്ഥയിൽ
Mail This Article
കൊട്ടാരക്കര ∙ പൊതുമരാമത്ത് വകുപ്പിന്റെ പൈതൃക കെട്ടിടങ്ങളിൽ പലതും സംരക്ഷണമില്ലാതെ തകർച്ചയിൽ. കൊട്ടാരക്കര റസ്റ്റ് ഹൗസിനു സമീപം പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയായി പ്രവർത്തിച്ച കെട്ടിടം ജീർണാവസ്ഥയിലാണ്. അറ്റകുറ്റപ്പണി നടത്തി കെട്ടിടം സംരക്ഷിക്കാനുള്ള ശ്രമവുമായി ഉദ്യോഗസ്ഥർ രംഗത്ത് ഉണ്ടെങ്കിലും സർക്കാർ അനങ്ങുന്നില്ല.
കെട്ടിടം അതേപടി നില നിർത്തി ബലപ്പെടുത്തണമെന്നാണു പൊതുമരാമത്ത് വകുപ്പിന്റെ ശുപാർശ. 30 ലക്ഷം രൂപ അനുവദിച്ചാൽ കെട്ടിടം സംരക്ഷിക്കാനാകും. പത്ത് വർഷത്തിലേറെ പൊലീസിന്റെ പക്കലായിരുന്നു കെട്ടിടം. അറ്റകുറ്റപ്പണി നടക്കാത്തതിനാൽ കെട്ടിടം ചോർച്ചയിലായിരുന്നു. മേൽക്കൂരയിലെ ഓടുകൾ പലതും പൊട്ടിയ നിലയിലാണ്. കെട്ടിടത്തിൽ സാംസ്കാരിക നിലയം ഉൾപ്പെടെ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഉണ്ട്. ഈ കെട്ടിടത്തിന് പുറമേ കൊല്ലം റൂറൽ എസ്പി ഓഫിസ് ആയി പ്രവർത്തിച്ച കെട്ടിടവും തകർച്ചയിലേക്ക് നീങ്ങുന്നു.