ഒറ്റക്കൽ അഞ്ചാം വാർഡിൽ ഉപതിരഞ്ഞെടുപ്പ്: മത്സരാർഥികളായി 3 പേർ
Mail This Article
തെന്മല∙ ഗ്രാമപ്പഞ്ചായത്തിലെ ഒറ്റക്കൽ അഞ്ചാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരാർഥികളായി 3 പേർ. കോൺഗ്രസിലെ ബിജിലി ജയിംസ് (യുഡിഎഫ്), സിപിഎമ്മിലെ എസ്.അനുപമ (എൽഡിഎഫ്), ബിജെപിയിലെ ആശ അംബിക (എൻഡിഎ) എന്നിവരാണു സ്ഥാനാർഥികൾ. വരണാധികാരിയായ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എസ്.അനിൽകുമാറിനു ലഭിച്ച 8 നാമനിർദേശങ്ങളിൽ 4 പേരാണു പത്രിക സമർപ്പിച്ചത്.പത്രിക പിൻവലിക്കേണ്ട അവസാന ദിനമായ ഇന്നലെ ഒരു സ്ഥാനാർഥി പിൻവാങ്ങിയതോടെയാണു മത്സരാർഥികളുടെ ചിത്രം വ്യക്തമായത്. പഞ്ചായത്തംഗമായിരുന്ന ചന്ദ്രിക സെബാസ്റ്റ്യന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.
ഒാഗസ്റ്റ് 10നുള്ള ഉപതിരഞ്ഞെടുപ്പിൽ വാർഡ് നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും മൂന്നാം ശക്തിയാകാൻ എൻഡിഎയും ശക്തമായ പ്രചാരണങ്ങൾ തുടങ്ങി. 1566 വോട്ടർമാരാണുള്ളത്. കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ചന്ദ്രിക സെബാസ്റ്റ്യൻ 32 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എൽഡിഎഫിലെ അലിൻ ബിജുവിനെയാണു പരാജയപ്പെടുത്തിയത്. യുഡിഎഫ് ഭരിക്കുന്ന ഗ്രാമപ്പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒറ്റക്കൽ വാർഡ് ഒഴിവാക്കിയാൽ യുഡിഎഫ്– 7, എൽഡിഎഫ്– 6, സ്വതന്ത്രർ–2 എന്നിങ്ങനെയാണു കക്ഷിനില.