ശരീരത്തിൽ 26 മുറിവുകൾ, സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന്... ഡോ.വന്ദന ദാസ് വധക്കേസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും
Mail This Article
കൊട്ടാരക്കര∙ ഡോ.വന്ദനദാസ് കൊലക്കേസിന്റെ കുറ്റപത്രം തയാറായി. അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഇന്നു കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ മേയ് 10ന് പുലർച്ചെ 4.50നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദനദാസിനു കുത്തേറ്റത്. പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപ്(43) തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം നൽകുന്നതോടെ പ്രതി കസ്റ്റഡിയിൽ കഴിയുമ്പോൾ തന്നെ വിചാരണ തുടരാനാകും.
അതിവേഗ വിചാരണ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഒട്ടേറെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ലഭ്യമാക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ് ഹൗസ് സർജൻ ഡോ.വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ 5 പേരെ കുത്തിപ്പരുക്കേൽപിക്കുകയും ചെയ്തതായാണ് കേസ്.
26 മുറിവുകളായിരുന്നു ഡോ.വന്ദനയുടെ ശരീരത്തിൽ. കൊലപാതകം, കൊലപാതകശ്രമം, ആശുപത്രിയിൽ കലാപവും അക്രമവും നടത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. സന്ദീപിന് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്നു തെളിയിക്കുന്ന ഒട്ടേറെ ഡോക്ടർമാരുടെയും വിദഗ്ധരുടെയും റിപ്പോർട്ട് കുറ്റപത്രത്തിൽ ഉണ്ട്. സന്ദീപിന്റെ മൊബൈൽ ഫോൺ, ആശുപത്രിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ, ജീവനക്കാരുടെയും പൊലീസുകാരുടെയും മൊഴികൾ, നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി, സാഹചര്യത്തെളിവുകൾ എന്നിവ അടക്കം വിശദമായാണ് കുറ്റപത്രം തയാറാക്കിയത്.