ADVERTISEMENT

കൊല്ലം ∙ സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകളും പഠന–വിനോദ യാത്രകളും നിർത്തലാക്കണമെന്നു ബാലാവകാശ കമ്മിഷൻ ഉത്തരവ്. ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് അനുമതിയില്ലാതെ വിനോദയാത്രകൾ സംഘടിപ്പിക്കുന്നതിനു നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു വാളകം മാർത്തോമ്മാ ഹൈസ്കൂൾ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സാം ജോൺ നൽകിയ ഹർജിയിലാണു കമ്മിഷൻ ഉത്തരവ്.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാക്കാലത്തു ട്യൂഷൻ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു രാത്രി നടത്തുന്ന ക്ലാസുകൾ സാധാരണ പഠനസമയത്തിനു ശേഷമായതിനാൽ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് വെല്ലുവിളിയാവുന്നെന്നും രക്ഷിതാക്കൾക്കു മാനസിക സമ്മർദം ഏൽപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണു കമ്മിഷൻ അംഗം റെനി ആന്റണി ഉത്തരവിട്ടത്. സ്കൂളുകളിൽനിന്നുള്ള പഠന– വിനോദ യാത്രകൾ വകുപ്പിന്റെ അനുമതിയോടെ അധ്യാപകരുടെ കൃത്യമായ നിർദേശത്തിലും നേതൃത്വത്തിലുമാണു നടക്കുന്നത്.

എന്നാൽ ട്യൂഷൻ സെന്ററുകളിലെ യാത്രകൾക്കു പ്രത്യേക അനുമതിയോ മേൽനോട്ടമോ ഇല്ലാത്തതിനാൽ അപകടസാധ്യതയുണ്ടെന്നും പഠന–വിനോദ യാത്രകളുടെ മാർഗരേഖ പലരും അവലംബിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. 60 ദിവസത്തിനകം വിഷയത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com