അഷ്ടമുടിക്കായലിൽ വാട്ടർ മെട്രോ പരിഗണനയിൽ: മേയർ
Mail This Article
കൊല്ലം∙ അഷ്മുടിക്കായലിൽ വാട്ടർ മെട്രോ പദ്ധതി ആരംഭിക്കുന്നതു പരിഗണനയിലാണെന്നു കൗൺസിൽ യോഗത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. ഇതു സംബന്ധിച്ചു ഇന്ന് കോർപറേഷനിൽ യോഗം നടക്കും. വാട്ടർ ട്രാൻസ്പോർട്ട് ജനറൽ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം യോഗത്തിൽ പങ്കെടുക്കും. അഷ്ടമുടിക്കായൽ അനുയോജ്യമാണെന്നു കൊച്ചി മെട്രോ ലിമിറ്റഡ് അറിയിച്ചതായും മേയർ പറഞ്ഞു. ഓണത്തിനു നഗരത്തിൽ വഴിയോരത്ത് അനധികൃത കച്ചവടം അനുവദിക്കില്ല ലഹരി ഉപയോഗം കുറയ്ക്കുന്നതിനു പൊലീസുമായി ചേർന്നു പദ്ധതി നടപ്പാക്കും.
ദേശീയപാത വികസനത്തിന്റെ ഭാഗമായി അയത്തിൽ ജംക്‌ഷനിൽ നിർമിക്കുന്ന മൺമതിൽ പാലത്തിനു ( ആർഇ വോൾ) പകരം എലിവേറ്റഡ് പാത നിർമിക്കണമെന്ന് കേന്ദ്ര– സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഉപരിതല മന്ത്രാലയത്തോടും പ്രമേയത്തിലൂടെ കൗൺസിൽ ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് ഇതു സംബന്ധിച്ച് നിവേദനം നൽകുമെന്നു മേയർ പറഞ്ഞു.ഉദ്യോഗസ്ഥരുടെ വീഴ്ചയെ ഡപ്യൂട്ടി മേയർ കൊല്ലം മധു വിമർശിച്ചു. തെരുവു വിളക്ക് വിഷയത്തിൽ ഭരണപക്ഷത്തു നിന്നു എ.കെ.സവാദും വിമർശിച്ചു.
മഴക്കാല ശുചീകരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 85 തൊഴിലാളികൾക്ക് വേതനം അനുവദിക്കണമെന്നു ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ് ആവശ്യപ്പെട്ടു. മാറ്റിപ്പാർപ്പിച്ച അലക്കുകുഴി നിവാസികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്നു കോൺഗ്രസ് അംഗം കുരുവിള ജോസഫ് ആവശ്യപ്പെട്ടു. സ്ഥിരസമിതി അധ്യക്ഷരായ എസ്.ജയൻ, യു.പവിത്ര, ജി. ഉദയകുമാർ, യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാ ജോർജ് ഡി.കാട്ടിൽ, വി.എസ്.പ്രിയദർശൻ, എൻ. ടോമി, വി.എസ്.പ്രിയദർശനൻ തുടങ്ങിയവർ പ്രസംഗിച്ചു.