ഇനി ക്വിറ്റ് ചെയ്യേണ്ടത് വെറുപ്പിന്റെ രാഷ്ട്രീയം: പ്രഫ. ഡോ. പി.നസീര്‍
Mail This Article
പാങ്ങോട്∙ രാജ്യം വെറുപ്പിന്റെ രാഷ്ട്രീയത്തെ പുറത്താക്കാന്‍ ഒരിക്കല്‍ കൂടി ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തണമെന്ന് മന്നാനിയ കോളജ് ഓഫ് ആര്‍ട് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പലും സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രഫ.ഡോ.പി.നസീര്‍. അത്രമാത്രം ഭിന്നിപ്പിന്റെ രാഷ്ട്രീയം നമ്മുടെ രാജ്യത്ത് വേരാഴ്ത്തുന്നുണ്ട്. എത്രയും വേഗം ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ചരിത്ര സത്യങ്ങള്‍ പോലും വളച്ചൊടിച്ചു പ്രചരിപ്പിക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തോട് നമ്മള്‍ ജനങ്ങള്‍ ക്വിറ്റ് ഇന്ത്യ എന്ന് ആര്‍ജ്ജവത്തോടെ പറയണം. വിദ്യാര്‍ഥികള്‍ മതേതര ചിന്താഗതി മുന്‍നിര്‍ത്തി അതിനു തുടക്കം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്നാനിയ കോളജ് ഇസ്‌ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച 81–ാം ക്വിറ്റ് ഇന്ത്യ ദിന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ബ്രിട്ടിഷ് ഭരണകൂടത്തിന്റെ ഹൃദയത്തിലേക്ക് തുളച്ചുകയറിയ മുദ്രാവാക്യമായിരുന്നു 'ക്വിറ്റ് ഇന്ത്യ'. ബോംബെ മേയറായിരുന്ന യൂസഫ് മഹറോളി നിര്‍ദേശിച്ച മുദ്രാവാക്യം ദേശീയ പ്രസ്ഥാനം ഐകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. ആ മുദ്രാവാക്യം പോലെ അതിന്റെ സൃഷ്ടാവ് പ്രശസ്തിയാര്‍ജ്ജിച്ചോ എന്നു നമ്മള്‍ ചിന്തിക്കണം. ആളുകളെ അംഗീകരിക്കുന്നതില്‍ പോലും ഭിന്നിപ്പിന്റെ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോളജിലെ ഡോ. അംബേദ്കർ ഹാളിൽ നടന്ന ചടങ്ങില്‍ ഇസ്‌ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി ഡോ. അബ്ദുല്‍ ഹാദി.വൈ.എം അധ്യക്ഷത വഹിച്ചു. ഡോ. ആര്‍ദ്ര.എസ് മുഖ്യ പ്രഭാഷണം നടത്തി. കോളജ് സൂപ്രണ്ട് കടയ്ക്കല്‍ ജുനൈദ്, ഡോ. അന്‍വര്‍ഷ, എന്നിവര്‍ സംസാരിച്ചു.