ADVERTISEMENT

കുളത്തൂപ്പുഴ ∙ നാടിനു നടുവിൽ കാട് ഒരുക്കിയ വനംവകുപ്പിന്റെ പ്രകൃതിദത്ത ചരിത്ര വനം മ്യൂസിയം (നാച്വറൽ ഹിസ്റ്ററി ഫോറസ്റ്റ് മ്യൂസിയം) ഇന്നു രാവിലെ 10നു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി.എസ്.സുപാൽ എംഎൽഎ അധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ഹെഡ് ഒ‌ാഫ് ഫോറസ്റ്റ് ഫോഴ്സ് ഗംഗാ സിങ്, ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.കമലഹർ, കെ.രാജു എന്നിവർ പങ്കെടുക്കും.

2017ൽ ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ വനം മ്യൂസിയം നിർമാണത്തിന് ഇക്കോ ടൂറിസം പദ്ധതിയിൽപ്പെടുത്തി 9.85 കോടി രൂപ അനുവദിച്ച് ഒന്നാം ഘട്ടം 2021ൽ പൂർത്തിയാക്കിയിരുന്നു. പൊലീസ് സ്റ്റേഷനു സമീപത്തെ വനം റേഞ്ച് ഓഫിസ് മാറ്റി സ്ഥാപിച്ചു വനം വകുപ്പിന്റെ 3.30 ഏക്കറിലാണു മ്യൂസിയം പൂർത്തീകരിച്ചത്. 5.48 കോടി രൂപ കെട്ടിടങ്ങളുടെ നിർമാണത്തിനും 4.37 കോടി രൂപ പ്രദർശന വസ്തുക്കൾക്കും ഇതോടൊപ്പമുള്ള ശബ്ദവും വെളിച്ചവും ഒരുക്കുന്നതിനും ചെലവഴിച്ചു. ജൈവവൈവിധ്യം നിലനിർത്തി ഭൂപ്രകൃതിക്ക് ഇണങ്ങുന്ന നിർമാണമാണു പ്രത്യേകത.

പ്രകൃതിയും സംസ്കാരവും ജൈവവൈവിധ്യവും സംബന്ധിച്ച വിജ്‍ഞാനം എല്ലാവർക്കും പകർന്നു കൊടുക്കുകയാണു മ്യൂസിയത്തിന്റെ ലക്ഷ്യം. ഗവേഷണങ്ങൾക്കും പരിശീലനങ്ങൾക്കും സൗകര്യം ഏർപ്പെടുത്തിയ മ്യൂസിയത്തിൽ വിനോദസഞ്ചാരത്തിനും ഊന്നൽ നൽകുന്നുണ്ട്. എല്ലാ വനം മ്യൂസിയങ്ങളുടെയും ഒരു ശൃംഖല സൃഷ്ടിച്ചു വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയങ്ങളുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. സ്ഥാപനം പരിപാലനം എന്നിവയ്ക്കു പരിശീലനം നേടിയവരുടെ സംഘം രൂപീകരിക്കുകുയും സെമിനാറുകളും സിംപോസിയങ്ങളും സംഘടിപ്പിക്കുകയും ചെയ്യും. 

സർക്കാർ ഇതര സ്ഥാപനങ്ങളുമായി ചേർന്നും പ്രത്യേക പ്രദർശനങ്ങളും നടത്താനാണ് ആലോചന. ഇൻഫർമേഷൻ സെന്റർ, പരിശീലന ഹാൾ, തടി മ്യൂസിയം, 5 പ്രദർശന ഹാളുകൾ എന്നിവയുള്ള മ്യൂസിയം സമുച്ചയത്തിൽ ആദിവാസി കുടിലുകൾ, നിർമിത ബുദ്ധി കേന്ദ്രം (എഐ സെന്റർ), കുട്ടികളുടെ കളിസ്ഥലം, ലഘുഭക്ഷണശാല, ഇക്കോ ഷോപ്പ്, അതിഥി മന്ദിരം എന്നിവയാണു രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കി ഉദ്ഘാടന സജ്ജമായതെന്നു തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനൽ ഓഫിസർ കെ.ഐ.പ്രദീപ്കുമാർ പറ‍ഞ്ഞു. തിരുവനന്തപുരം ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിക്ക് ആണ് മ്യൂസിയത്തിന്റെ നടത്തിപ്പു ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com