പുനലൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റം
Mail This Article
പുനലൂർ ∙ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുനലൂർ ബാലൻ മെമ്മോറിയൽ ലൈബ്രറി കെട്ടിടത്തിന്റെ മുകളിലെ നില വാടകയ്ക്കു കൊടുക്കുന്നതു സംബന്ധിച്ച വിഷയത്തിൽ കൗൺസിൽ യോഗത്തിൽ ഭരണ – പ്രതിപക്ഷ വാക്കേറ്റം. മുൻ കൗൺസിൽ ജിംനേഷ്യം നടത്തുന്നതിനു വേണ്ടി ലൈബ്രറി കെട്ടിടത്തിന്റെ മുകൾവശം വാടകയ്ക്കു കൊടുക്കാൻ തീരുമാനമെടുത്തതിനു ശേഷം പിന്നീട് തീരുമാനം പുനഃപരിശോധന നടത്തി നൽകേണ്ടതില്ല എന്നു തീരുമാനമെടുത്തിരുന്നു. കെട്ടിടത്തിനു ബലം കുറവാണെന്നും ആളുകൾ എത്തുന്നത് സുരക്ഷിതമല്ല എന്നുമാണ് അന്നു നിരസിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത്. പ്രതിപക്ഷത്തിന്റെ ആവശ്യത്തെത്തുടർന്നു കെട്ടിടം പരിശോധന നടത്തുന്നതിനു വേണ്ടി ടികെഎം എൻജിനീയറിങ് കോളജിനെ ചുമതലപ്പെടുത്തി.
എൻജിനീയറിങ് കോളജ് നൽകിയ സർട്ടിഫിക്കറ്റ് അനുസരിച്ച് കെട്ടിടം ഉപയോഗപ്രദം അല്ല എന്നു കാട്ടി അപേക്ഷ പൂർണമായും നിരസിക്കുകയായിരുന്നു. തുടർന്ന് അപേക്ഷകൻ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാനെ സമീപിച്ചു പരാതി നൽകി. പിന്നീട് കോടതി ഫയലിൽ കേസ് സ്വീകരിച്ചു തുടർനടപടി നടത്തി വരികയായിരുന്നു. അതിനിടെ പരാതിക്കാരൻ മരണമടഞ്ഞു എന്നു കാണിച്ച് നഗരസഭ തെറ്റായ സത്യവാങ്മൂലം ഓംബുഡ്സ്മാന് നൽകിയതിനെത്തുടർന്ന് കേസ് തീർപ്പു കൽപ്പിക്കുകയും ചെയ്തു. എന്നാൽ, വിധി വന്നതിനെ തുടർന്നു പരാതിക്കാരൻ ശിവജി അപ്പീൽ നൽകി.
താൻ മരണപ്പെട്ടിട്ടില്ലെന്നും ജീവിച്ചിരിക്കുന്നു എന്നും കാട്ടി വീണ്ടും പരാതി നൽകി. അപ്പീൽ പരിഗണിച്ച ഓംബുഡ്സ്മാൻ നഗരസഭാ കൗൺസിൽ യോഗം ചേർന്നു ശിവജിക്കു കെട്ടിടം വാടകയ്ക്കു നൽകണമെന്ന് ഉത്തരവു പുറപ്പെടുവിച്ചു. കെട്ടിടത്തിനു ബലക്ഷയം ഉണ്ടെങ്കിൽ എത്രമാത്രം ഭാരം അതിനു താങ്ങാൻ കഴിയുമെന്ന് രേഖപ്പെടുത്തി നൽകിയിട്ടില്ലെന്ന് ഓംബുഡ്സ്മാൻ വിധിന്യായത്തിൽ പ്രത്യേകമായി ചൂണ്ടിക്കാട്ടി. എന്നാൽ, കൗൺസിൽ യോഗം ചേർന്ന് ശിവജിക്ക് കെട്ടിടം നൽകാൻ കഴിയുകയില്ല എന്ന തീരുമാനം പ്രതിപക്ഷ വിയോജിപ്പ് അവഗണിച്ചു പാസാക്കി ഓംബുഡ്സ്മാനെ രേഖാമൂലം അറിയിച്ചു.
ഇടതുപക്ഷ അനുഭാവിയോ പ്രവർത്തകനോ അല്ലാത്തതിനാലാണ് നഗരസഭ വക കെട്ടിടങ്ങൾ വാടകയ്ക്കു നൽകുന്നതിൽ നിന്നു നേതൃത്വം മുടന്തൻ ന്യായങ്ങൾ പറഞ്ഞു പിന്മാറുന്നത് എന്നും സ്വജനപക്ഷപാതത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പുനലൂർ നഗരസഭ നടത്തുന്നതെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ്, കൗൺസിലർമാരായ സാബു അലക്സ്, എൻ.സുന്ദരേശൻ, പൊടിയൻ പിള്ള, കെ.കനകമ്മ, ബീന സാമുവൽ, എം.പി.റഷീദ് കുട്ടി, ബിബിൻ കുമാർ, നിർമല സത്യൻ, സഫീല ഷാജഹാൻ, ഷെമി എസ്.അസീസ്, റംലത്ത് സഫീർ, ജ്യോതി സന്തോഷ് എന്നിവർ പറഞ്ഞു.