പൊടിപൊടിച്ച് പപ്പട വിപണി
Mail This Article
കൊല്ലം ∙ സദ്യയിൽ കൈ വയ്ക്കുന്നത് പപ്പടം പൊടിച്ചാണ്. ഇല നിറയെ തൊടുകറി വിളമ്പി, പഴവും ഉപ്പേരിയും വച്ച്, അതിനു മുകളിൽ വലിയ ഗമയിലാണ് പപ്പടത്തിന്റെ ഇരിപ്പ്. നെറ്റിപ്പട്ടം പോലെ നിറയെ കുമിളകളുമായി ഇരിക്കുന്ന പപ്പടം, തൊട്ടാൽ പൊടിയും എങ്കിലും അതിന്റെ നിർമാണം അത്ര നിസ്സാരമല്ല. മാവ് കുഴച്ച് ഉരുളയാക്കിയ ശേഷം റബർ ഷീറ്റ് പോലെ പരത്തും. പിന്നെ റോളറിലൂടെ കടത്തി വിട്ടാണ് പപ്പട നിർമാണം. തമ്മിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ അരിമാവ് വിതറും. ഇതൊക്കെ പരമ്പരാഗതമായി കൈകൊണ്ടാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ മാവ് കുഴയ്ക്കുന്നതു മുതൽ അരിമാവ് വിതറുന്നതു വരെ യന്ത്ര സഹായത്തോടെയാണ്. പിന്നെ ചണച്ചാക്കിൽ നിരത്തി പാകത്തിന് ഉണക്കിയെടുക്കും. ഉണക്കുന്നതു മുതൽ പായ്ക്ക് ചെയ്യുന്നതു വരെയെല്ലാം കൈ കൊണ്ടാണ് ചെയ്യുന്നത്.
ചണച്ചാക്കിൽ പപ്പടം നിരത്തുന്നത് ഒരു കലയാണ്. ഇത്തവണ നല്ല വെയിൽ ലഭിക്കുന്നതിനാൽ പപ്പട നിർമാണത്തിന് അനുയോജ്യമായ കാലാവസ്ഥയാണ്. ഉഴുന്ന് പൊടി, ഉപ്പ്, പപ്പടക്കാരം, എണ്ണ, അരിപ്പൊടി എന്നിവയാണ് അസംസ്കൃത വസ്തുക്കൾ. 3 മാസത്തിനിടയിൽ ഒരു ചാക്ക് ഉഴുന്ന് പൊടിക്ക് 1000 രൂപയുടെ വർധന ഉണ്ടായി. മറ്റ് അസംസ്കൃത വസ്തുക്കൾക്കും വില കൂടി. അതുകൊണ്ടു ഉൽപാദന ചെലവും വിലയും തമ്മിൽ കൂട്ടിമുട്ടിക്കാൻ നിർമാതാക്കൾ ബുദ്ധിമുട്ടുന്നുണ്ട്. മായാ ചേർക്കാതെയും വെളിച്ചെണ്ണ ഉപയോഗിച്ചും ആണ് പപ്പട തയാറാക്കുന്നതെന്ന് നിർമാതാവായ എം.രാധാകൃഷ്ണൻ പറഞ്ഞു. പരിപ്പും പപ്പടവും നെയ്യും ചേർന്ന കോംബിനേഷൻ സദ്യയുടെ ഹൈ ലൈറ്റ് ആണ്. പ്രഥമനോടൊപ്പവും പപ്പടം ചേരും. അതാണ് പപ്പടത്തിന്റെ പെരുമ. പപ്പടം ഇല്ലാതെ സദ്യ ഇല്ല.