റെയിൽവേ നടപ്പാലം അടഞ്ഞു കിടക്കുന്നു
Mail This Article
കൊല്ലം∙ രണ്ടു മാസത്തിൽ ഏറെയായി റെയിൽവേ നടപ്പാലം അടച്ചിട്ടിരിക്കുന്നതിനാൽ കോളജ് വിദ്യാർഥികൾ ഉൾപ്പെടെ വലയുന്നു. റെയിൽവേ സ്റ്റേഷൻ –ചെമ്മാൻമുക്ക് റോഡിനെയും കൊല്ലം – ചെങ്കോട്ട ദേശിയപാതയെയും ബന്ധിപ്പിച്ചു കർബല ജംക്‌ഷനിൽ നിന്നു തുടങ്ങി ആഞ്ഞിലിമൂടിനു സമീപം അവസാനിക്കുന്ന റെയിൽവേ നടപ്പാലമാണ് അടച്ചിട്ടിരിക്കുന്നത്. കുണ്ടറ, കൊട്ടാരക്കര മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ ശങ്കേഴ്സ് ആശുപത്രിക്കു സമീപം ബസ് ഇറങ്ങി റെയിൽവേ നടപ്പാലം വഴിയാണു ഫാത്തിമമാതാ, എസ്എൻ, എസ്എൻ വനിതാ, എസ്എൻ ലോ കോളജുകളിലേക്കും എത്തിയിരുന്നത്.
നഴ്സിങ് വിദ്യാർഥികളും ഇതുവഴിയാണ് എത്തിയിരുന്നത്. പാലം അടച്ചിട്ടിരിക്കുന്നതിനാൽ ചിന്നക്കട വഴിയോ, കടപ്പാക്കട – ചെമ്മാൻമുക്ക് വഴിയോ യാത്ര ചെയ്യേണ്ടി വരുന്നു. റെയിൽവേ ഡിവിഷനൽ ആസ്ഥാനത്ത് നിന്നെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടപ്പാലം അടച്ചതെന്ന് അധികൃതർ പറഞ്ഞു.
പാലത്തിൽ തുരുമ്പും സ്ലാബുകൾക്ക് കേടുപാടുകളും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചിടാൻ നിർദേശം നൽകിയത്. അറ്റകുറ്റപ്പണിക്ക് നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.