ADVERTISEMENT

അഞ്ചാലുംമൂട് ∙ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് 50 കിലോ മത്സ്യവിപണത്തിനായി ലഭിച്ച അനുമതിയുടെ മറവിൽ സ്വകാര്യ മാർക്കറ്റിന് അനുമതി നൽകാൻ കോർപറേഷൻ നീക്കം. കോർപറേഷൻ അധികൃതർ തന്നെ പൂട്ടിച്ച സ്വകാര്യ മാർക്കറ്റ് വീണ്ടും തുറക്കാനുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചനയെന്ന് സമീപവാസികൾ. മാർക്കറ്റ് നടത്തിപ്പിനായി മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയിട്ടില്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയുമായി നാട്ടുകാർ. കൊല്ലം– തേനി ദേശീയ പാതയോരത്ത് സി.കെ.പി ജംക്‌ഷനിൽ അസൗകര്യങ്ങളുടെ നടുവിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന സ്വകാര്യ മാർക്കറ്റ് രണ്ട് വർഷം മുൻപ് കോർപറേഷൻ അധികൃതർ പൂട്ടിച്ചതാണ്.

എന്നാൽ അടുത്തിടെ മാർക്കറ്റിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി വീണ്ടും പ്രവർത്തിപ്പിക്കാനായി ചിലർ ശ്രമം ആരംഭിച്ചതോടെയാണ് സമീപവാസികൾ എതിർപ്പുമായി രംഗത്ത് എത്തിയത്. പരാതിയും കേസും നിലനിൽക്കെ ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ മാർക്കറ്റിന് ലൈസൻസ് നൽകാനുള്ള നീക്കമാണ് കോർപറേഷൻ അധികൃതർ നടത്തി വരുന്നതെന്നാണ് ആരോപണം. മാർക്കറ്റിന് ലൈസൻസ് നൽകുന്നതിനായി കൗൺസിൽ തീരുമാനം പാസാക്കുന്നതിനു മുന്നോടിയായി സ്ഥിരം സമിതി അംഗീകാരം നൽകുകയും ചെയ്തു.

മാർക്കറ്റിന് കൗൺസിൽ അംഗീകാരം നൽകാനിരിക്കെ പുറത്തു വന്നിട്ടുള്ള വിവരാവകാശ രേഖകൾ പ്രകാരം മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി പത്രത്തിൽ സ്വകാര്യ കെട്ടിടത്തിൽ 50 കിലോ മത്സ്യത്തിന്റെ വിപണനം നടത്താനുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്ന് വ്യക്തമാണ്. ഈ അനുമതിയുടെ മറവിൽ അനധികൃതമായി മാർക്കറ്റിന് അനുമതി നേടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

സി.കെ.പി ജംക്‌ഷനിലെ സ്വകാര്യ മാർക്കറ്റ് കോർപറേഷൻ അധികൃതർ പൂട്ടിയതിനു ശേഷം നീരാവിൽ – സി.കെ.പി റോഡ് വശം മറ്റൊരു സ്വകാര്യ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നതിന് കോർപറേഷൻ അനുമതി നൽകിയിട്ടുണ്ട്. ഈ സ്വകാര്യ മാർക്കറ്റിനെതിരെയും പരാതി ഉയർന്നിരുന്നു. സമീപത്തായി മറ്റൊരു സ്വകാര്യ മാർക്കറ്റിനും കൂടി പ്രവർത്തനാനുമതി നൽകാനുള്ള കോർപറേഷൻ അധികൃതരുടെ നീക്കം പ്രദേശത്തെ താമസക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അനധികൃതമായി സ്വകാര്യ മാർക്കറ്റിന് അനുമതി ലഭ്യമാക്കാനുള്ള രാഷ്ട്രീയ നീക്കത്തിൽ നിന്നു കോർപറേഷൻ അധികൃതർ പിൻവാങ്ങണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com