പാറത്തോട്ടിലെ പഞ്ചായത്ത് കിണർ ഇടിഞ്ഞു താഴ്ന്നു
Mail This Article
ഓയൂർ ∙ വെളിനല്ലൂർ പഞ്ചായത്ത് കരിങ്ങന്നൂർ വാർഡിലെ ഏഴാംകുറ്റി പാറത്തോട്ടിനു സമീപം സ്ഥിതിചെയ്യുന്ന പഞ്ചായത്ത് കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു. 75 വർഷക്കാലം പ്രദേശത്തെ ശുദ്ധജല സ്രോതസ്സാണ് കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴയിൽ ഇടിഞ്ഞത്. കിണറിന്റെ സമീപത്തെ കോളനി നിവാസികളുടെ കുടിവെള്ളം ഇതോടെ മുട്ടി .
വെള്ളം കോരാൻ ഉപയോഗിച്ചുവന്ന കപ്പിയും തൊട്ടിയും കയറും കിണറിനുള്ളിൽ പതിച്ചു. കിണറിന്റെ മുകൾ ഭാഗവും തൊടിയും ഉൾപ്പെടെയാണ് ഇടിഞ്ഞത്.കിണർ വൃത്തിയാക്കി വശം കെട്ടി പ്രദേശവാസികളുടെ ശുദ്ധജല സംവിധാനത്തിനു അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കിണർ ഉപയോഗയോഗ്യമാക്കാൻ പഞ്ചായത്ത് അധികൃതർ എസ്റ്റിമേറ്റ് എടുത്തിരുന്നു. സാങ്കേതിക കാരണങ്ങളാൽ പണി തുടങ്ങിയില്ല. കിണർ ശരിയാക്കാൻ 2 ലക്ഷം അനുവദിച്ചെന്നും സാങ്കേതിക അംഗീകാരം ലഭിച്ചെന്നും ടെൻഡർ നടപടി പൂർത്തിയായാൽ തൊടിയിറക്കി പൂർണ്ണതോതിൽ ഉപയോഗയോഗ്യമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ അറിയിച്ചു. സംഭവ സ്ഥലം പ്രസിഡന്റു വാർഡംഗവും എഇയും സന്ദർശിച്ചു.