ADVERTISEMENT

ആര്യങ്കാവ്∙ തമിഴ്നാട്ടിലേക്ക് കോട്ടവാസൽ അതിർത്തിയിലൂടെ ലോറിയിൽ മഹാഗണി തടികൾക്കടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 8 ലക്ഷം രൂപയുടെ 72 തേക്കു തടികൾ വനം റേഞ്ച് അധികൃതർ പിടികൂടി. തെന്മല അമൽ ടിംബേഴ്സിന്റെ കെഎൽ 25 ക്യു 4719 എന്ന ടോറസ് ലോറിയുടെ മഹാഗണി തടികൾക്കടിയിലായിരുന്നു തേക്ക് തടികൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ഇത്തിക്കരയിലെ ഹുസൈൻ എന്നയാളിൽ നിന്നു ചെങ്കോട്ട ഖാജ ടിംബേഴ്സ് ഉടമ ഹാജ വാങ്ങിയതായിരുന്നു തടികൾ. കാര്യറയിലെ ജമാൽ എന്നയാളുടെ പ്രോപ്പർട്ടി മാർക്ക് പാസിന്റെ മറവിലായിരുന്നു തേക്കു തടികൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

റേഞ്ച് ഒ‌ാഫിസർ എസ്.രാജേഷ്, പ്രൊബേഷനറി റേഞ്ച് ഒ‌ാഫിസർ വിപിൻ ചന്ദ്രൻ എന്നിവരുടെ സംഘം 22 എം ക്യൂബ് മഹാഗണി എന്നു രേഖപ്പെടുത്തിയ പാസുമായി വന്ന ലോറി തടഞ്ഞു പരിശോധിച്ചപ്പോഴാണ് തേക്കു തടികൾ കണ്ടെത്തിയത്. സെക്​ഷൻ ഫോറസ്റ്റ് ഒ‌ാഫിസർ ജിജിമോൻ, ജസ്റ്റിൻ ജോസഫ്, ഫോറസ്റ്റ് ഒ‌ാഫിസർമാരായ ഹസീനമോൾ, സമീറ, ആതിര എന്നിവരും സംഘത്തിലുണ്ടായിരുന്നു. 8 ലക്ഷം രൂപ വിലയുള്ള തടികൾക്കു 50,000 രൂപയുടെ ബില്ലായിരുന്നു കൈവശം ഉണ്ടായിരുന്നതെന്നു വനപാലകർ പറഞ്ഞു.

ലോറിയും തടികളും വനപാലകർ കസ്റ്റഡിയിലെടുത്തു. വലിയ തോതിൽ ഇതിനും മുൻപും ജിഎസ്ടി തട്ടിപ്പിലൂടെ തടികൾ കടത്തിയതായാണു വിവരം. തടികൾ കടത്തിയതിനു റജിസ്ട്രേഷൻ നഷ്ടപ്പെട്ടയാളാണു അമൽ ടിംബേഴ്സ്. ജമാലിന്റെ പ്രോപ്പർട്ടി മാർക്ക് റജിസ്ട്രേഷൻ വനം വകുപ്പ് റദ്ദാക്കുമെന്നും വനംവകുപ്പ് അറിയിച്ചു. തടി കടത്തു തടയാനും ജിഎസ്ടി വെട്ടിപ്പ് പിടികൂടാനും അതിർത്തിയിൽ വനംവകുപ്പ് ശക്തമായ പരിശോധന തുടരാനാണു തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com