പിഞ്ചുകുഞ്ഞിന് മരുന്നില്ലാതെ കുത്തിവയ്പ്; 2 നഴ്സുമാർക്ക് സസ്പെൻഷൻ
Mail This Article
കുണ്ടറ (കൊല്ലം) ∙ 75 ദിവസം പ്രായമായ കുഞ്ഞിന് മരുന്നു നിറയ്ക്കാതെ പ്രതിരോധ കുത്തിവയ്പ് എടുത്ത സംഭവത്തിൽ 2 നഴ്സുമാർക്കു സസ്പെൻഷൻ. പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. വെള്ളിമൺ വത്സല മന്ദിരം വിഷ്ണു പ്രസാദിന്റെയും ശ്രീലക്ഷ്മിയുടെയും മകൾ 75 ദിവസം പ്രായമായ ശ്രീനികയ്ക്കാണ് നഴ്സ് മരുന്ന് നിറയ്ക്കാതെ കുത്തിവയ്പ് എടുത്തത്. ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സുമാരായ എസ്.ഷീബ, ഡി.ലൂർദ് എന്നിവരെയാണ് ജില്ല മെഡിക്കൽ ഓഫിസർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കുഞ്ഞിനു രണ്ടര മാസത്തിൽ എടുക്കുന്ന ഐപിവി, പെന്റാവാലന്റ്, വിസിവി എന്നീ പ്രതിരോധ കുത്തിവയ്പുകൾ എടുക്കുന്നതിനാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പതിനൊന്നരയോടെ അമ്മ ശ്രീലക്ഷ്മി കുഞ്ഞുമായി ഇൻജക്‌ഷൻ മുറിയിൽ കയറുകയും നഴ്സ് ഷീബ കുത്തിവയ്പ് എടുക്കുകയും ചെയ്തു. സിറിഞ്ചിൽ മരുന്ന് ഇല്ലെന്നു ശ്രീലക്ഷ്മിയാണ് കണ്ടത്.
ഇതു ചോദ്യം ചെയ്തപ്പോൾ തെറ്റു പറ്റിയെന്നു പറഞ്ഞ് വീണ്ടും ഷീബ ഇൻജക്‌ഷൻ എടുക്കാൻ തുടങ്ങിയപ്പോൾ ശ്രീലക്ഷ്മി തടഞ്ഞു. തുടർന്ന് മെഡിക്കൽ ഓഫിസർക്കു പരാതി നൽകുകയും ചെയ്തു. ഉടൻ കുഞ്ഞിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധന നടത്തി. ഇൻജക്‌ഷൻ പേശിയിലായതിനാൽ അപകടമില്ലെന്നു ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
മെഡിക്കൽ ഓഫിസർ വിവരം അറിയിച്ചതനുസരിച്ച് ഡിഎംഒയുടെ നിർദേശപ്രകാരം ഡപ്യൂട്ടി ഡിഎംഒ ഡോ. അനു ആശുപത്രിയിൽ എത്തി. ലൂർദുമായി ഉണ്ടായ വഴക്കിനു പിന്നാലെയാണ് ഷീബ കുഞ്ഞിന് ഇൻജക്‌ഷൻ എടുക്കാൻ വന്നതെന്നും അതിനാലാണ് വീഴ്ച വരുത്തിയതെന്നും ബന്ധുക്കൾ ഡപ്യൂട്ടി ഡിഎംഒയോടു പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയെന്നു ഡപ്യൂട്ടി ഡിഎംഒ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണു നടപടി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local