ADVERTISEMENT

അഞ്ചാലുംമൂട് ∙ ബാർ ഹോട്ടലിൽ അക്രമം നടത്തിയവരെ ജീവനക്കാർ തടഞ്ഞു വച്ച് പൊലീസിന് കൈമാറിയെങ്കിലും ഉടൻ തന്നെ ജാമ്യം ലഭിച്ചിറങ്ങിയ പ്രതികൾ ഗുണ്ടാ സംഘവുമായി വീണ്ടും ബാർ ഹോട്ടലിലെത്തി ഹോട്ടൽ മാനേജരെ മർദിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഹോട്ടൽ മാനേജരെ ജില്ലാ ആശുപത്രിയിലും തുടർന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഞ്ചാലുംമൂട്ടിലെ ലേക്ക് പാലസ്  ഹോട്ടൽ മാനേജർ അഞ്ചാലുംമൂട് മുരുന്തൽ ആൻസ് വില്ലയിൽ ഷിബു കുര്യാക്കോസിനാണ് (50) ഗുരുതരമായി പരുക്കേറ്റത്. ഞായർ രാത്രി 10.45 നായിരുന്നു സംഭവം. ഒട്ടേറെ കേസുകളിൽ പ്രതിയായ ചെമ്മക്കാട് സ്വദേശി പ്രതീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് അക്രമം നടത്തിയത്. 

രാത്രി 9 മണിയോടെ ബാറിലെത്തിയ പ്രതീഷും സംഘം മറ്റു രണ്ട് യുവാക്കളുമായി വഴക്കായി. തുടർന്ന് ഇവർ ബാറിലെ ഫ്രീസറുകളും മറ്റും അടിച്ച് തകർത്തു. തുടർന്ന് കടന്നുകളയാൻ ശ്രമിച്ച പ്രതീഷിനെയും മറ്റൊരു യുവാവിനെയും ബാർ ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിനു കൈമാറി. പൊലീസ് കൊണ്ടു പോയ പ്രതികൾ ഉടൻ തന്നെ ജാമ്യം ലഭിച്ച് പുറത്തെത്തി. തുടർന്ന് ഇവരുടെ സുഹൃത്തുക്കളായ പത്തോളം വരുന്ന ഗുണ്ടാ സംഘവുമായി തിരികെ ബാറിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അക്രമം അഴിച്ചു വിടുകയുമായിരുന്നു. 

പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഹോട്ടൽ മാനേജർ ഷിബു കുര്യാക്കോസ്.
പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഹോട്ടൽ മാനേജർ ഷിബു കുര്യാക്കോസ്.

സംഭവ സമയത്ത് അവിടേക്ക് സ്കൂട്ടറിൽ എത്തിയ ബാർ ഹോട്ടൽ മാനേജർ ഷിബുവിനെ പ്രതികൾ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. വാഹനത്തിൽ നിന്നു ചവിട്ടി നിലത്തിട്ട് ചവിട്ടുകയും മാരകായുധങ്ങൾ കൊണ്ടു മർദിക്കുകയും ചെയ്തു. വാൾ കൊണ്ടു വെട്ടാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ തടഞ്ഞതോടെയാണ് മാനേജർ രക്ഷപ്പെട്ടത്. സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com