ADVERTISEMENT

കൊല്ലം ∙ പൊളിക്കാൻ നോക്കിയപ്പോഴാണു കെട്ടിടത്തിനു കോർപറേഷൻ നമ്പർ ഇല്ലെന്നു മനസ്സിലായത്. ലാറി ബേക്കർ രൂപകൽപന ചെയ്ത്, 1998ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിനു കഴിഞ്ഞ ദിവസം കോർപറേഷനിൽ നിന്നു കെട്ടിട നമ്പർ ലഭിച്ചു. നമ്പർ: 12–ാം വാർഡിൽ 1820/A. ഇന്നലെ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും നൽകി

അടുത്തിടെ നവീകരിച്ച, ജില്ലാ പഞ്ചായത്ത് യോഗം നടക്കുന്ന, ഹാൾ ഉൾപ്പെടുന്ന ഭാഗം ഒഴികെ പൊളിച്ചു 4 നില കെട്ടിടം നിർമിക്കാൻ തീരുമാനിച്ചിരുന്നു. കെട്ടിടം പൊളിക്കുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കം, കെട്ടിടം ഉപയോഗിക്കാൻ കഴിയില്ലെന്ന സർട്ടിഫിക്കറ്റ് (അൺഫിറ്റ്), മൂല്യം (വാല്യുവേഷൻ), ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയവ വേണം.

വാല്യുവേഷൻ, അൺഫിറ്റ് തുടങ്ങിയ സർട്ടിഫിക്കറ്റുകൾ ജില്ലാ പഞ്ചായത്ത് എൻജിനീയർ നൽകി. കാലപ്പഴക്കത്തിന്റെയും ഉടമസ്ഥാവകാശത്തിന്റെയും സർട്ടിഫിക്കറ്റിന് കെട്ടിട നമ്പർ അന്വേഷിച്ചപ്പോഴാണ് കോർപറേഷൻ റജിസ്റ്ററിൽ കെട്ടിടം സംബന്ധിച്ച് രേഖ ഇല്ലെന്നു കണ്ടത്.

സർക്കാർ കെട്ടിടങ്ങളെ നികുതിയിൽ നിന്നൊഴിവാക്കിയിട്ടുള്ളതിനാൽ ആരും ഇക്കാര്യം ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കോർപറേഷൻ ജീവനക്കാർ എത്തി കെട്ടിടം അളന്നു തിട്ടപ്പെടുത്തി നമ്പർ നൽകി. അസസ്മെന്റ് രേഖകൾ പഴയ റജിസ്റ്ററിൽ നിന്നു പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറ്റിയപ്പോൾ കെട്ടിടത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്താൻ വിട്ടു പോയതാകാം എന്നു കരുതുന്നു.

തദ്ദേശ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി 1997 ഒക്ടോബർ 15നു ശിലാസ്ഥാപനം നടത്തിയ കെട്ടിടം, 1998 നവംബർ 9ന് ആണ് ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിന്റെ പകുതിക്കു പിന്നിലേക്കുള്ള ഭാഗം പൊളിച്ചുനീക്കിയാണ് പുതിയ 4 നില കെട്ടിടം നിർമിക്കുന്നത്. താഴത്തെ നിലയിൽ സ്ഥിരസമിതി അധ്യക്ഷരുടെ കാബിൻ ആണ്. എൻജിനീയറിങ് വിഭാഗം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ 2, 3 നിലകളിൽ. മുകൾ നിലയിൽ രാജ്യാന്തര നിലവാരമുള്ള കോൺഫറൻസ് ഹാൾ ആണ്. 3 വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com