കെട്ടുകാളകളെ കാണാൻ ഓച്ചിറ പടനിലത്തേക്ക് ഭക്തജനപ്രവാഹം
Mail This Article
ഓച്ചിറ∙പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ടുത്സവത്തിനു കരക്കാർ അണിനിരത്തിയ കൂറ്റൻ കെട്ടുകാളകളെ കാണാൻ രണ്ടാം ദിനവും പടനിലത്ത് ഭക്തജന പ്രവാഹം. ഇന്നലെ 140 കെട്ടുകാളകളെ പടനിലത്ത് പ്രദർശിപ്പിച്ചിരുന്നു. പടനിലത്തെ കാള മൂട്ടിൽ നിറപറ സമർപ്പണം, തിരുവാതിര, ഭക്തിഗാനസുധ എന്നിവയും കുത്തിയോട്ടപ്പാട്ടും ചുവടും നടത്തി. ഇന്നലെയും ദേശീയപാത ഉൾപ്പെടെ ഓച്ചിറയിൽ ഗതാഗതക്കുരുക്കായിരുന്നു.
വടക്കേ പള്ളിക്ക് സമീപം കെട്ടുകാളകൾ കടന്നു വരുന്നതിനായി അഴിച്ച എഐ ക്യാമറകൾ ഇന്നലെ പകൽ പുനഃസ്ഥാപിച്ചതിനെത്തുടർന്ന് 11 മുതൽ 1.30 വരെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കായി.ഇന്നു മുതൽ പടനിലത്ത് വച്ചു തന്നെ യന്ത്രങ്ങളുടെ സഹായത്തോടെ കരക്കാർ കൂറ്റൻ കെട്ടുകാളകളെ അഴിക്കും. കെട്ടുകാളയുടെ ശിരസ്സ് ഉൾപ്പെടെ കാള മൂട്ടിലെ പ്രത്യേക സ്ഥലങ്ങളിൽ സൂക്ഷിക്കും.
അടുത്ത വർഷം വീണ്ടും കെട്ടുകാളകളെ നിർമിക്കാൻ മാത്രമേ ഇവ എടുക്കുകയുള്ളു. രണ്ടര മാസം വ്രതത്തോടെയാണ് കരക്കാർ കെട്ടുകാളകളെ നിർമിച്ചു കാളകെട്ടുത്സവത്തിന് അണിനിരത്തുന്നത്.