മുഖം മറച്ച 4 പേർ, ബവ്റിജസ് ഷോപ്പ് കുത്തിത്തുറന്ന് മോഷണം; മദ്യക്കുപ്പികൾ കടത്തി
Mail This Article
കരുനാഗപ്പള്ളി ∙ മാളിയേക്കൽ വെയർഹൗസിങ് ഗോഡൗണിനോടു ചേർന്നു പ്രവർത്തിക്കുന്ന ബവ്റിജസ് ഔട്‌ലെറ്റ് കുത്തിത്തുറന്നു മോഷണം. മുൻവശത്തെ ഷട്ടർ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ 32 മദ്യക്കുപ്പികൾ കൊണ്ടുപോയി. പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. മുഖം മറച്ച 4 പേരുടെ ദൃശ്യം സിസിടിവി ക്യാമറകളിൽ കാണാം. ഷോപ്പിന്റെ പിന്നിലെ രണ്ട് സിസിടിവി ക്യാമറകൾ തകർത്തിട്ടുണ്ട്.
ഒരു ക്യാമറ തകർക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. വൈദ്യുതി മീറ്റർ ബോക്സ് തുറന്ന് കിടക്കുന്നതിൽ നിന്നു കണക്‌ഷൻ എടുത്ത് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് പണം സൂക്ഷിക്കുന്ന അലമാര തുറക്കാനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു.
ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരയും മേശകളും വാരിവലിച്ചിട്ട നിലയിലാണ്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മോഷണം നടത്തിയത് ഇതര സംസ്ഥാനക്കാരാണോ എന്നും സംശയിക്കുന്നു. അടഞ്ഞുകിടക്കുന്ന മാളിയേക്കൽ റെയിൽവേ ലവൽക്രോസിന് അടുത്താണ് ഗോഡൗണും വിദേശ മദ്യശാലയും.