ADVERTISEMENT

അമൃതപുരി ∙ ‘കാരുണ്യവർഷിണിയായ അമ്മയ്ക്ക് ജന്മദിനാശംസകൾ’... വള്ളിക്കാവിലെ കടകൾക്കു മുന്നിലെ കട്ടൗട്ടുകളിൽ നിറഞ്ഞ് അമ്മ. എല്ലാ വഴികളും അമൃത വിദ്യാപീഠം ക്യാംപസിലെ ജന്മദിനാഘോഷ വേദിയിലേക്ക്. ക്യാംപസിലെങ്ങും ഉത്സവമേളം. എല്ലാവരുടെയും കണ്ണുകളിലും അമ്മയെ ദർശിക്കുകയെന്ന ആഗ്രഹം മാത്രം. 70–ാം ജന്മദിനാഘോഷ വേദിയിലേക്ക് മാതാ അമൃതാനന്ദമയി എത്തിയത് പഞ്ചാരി മേളത്തിന്റെ അകമ്പടിയിൽ.

ഭക്തസഹസ്രങ്ങൾക്കു നിറപുഞ്ചരി സമ്മാനിച്ച് രാവിലെ 8.55 നു വേദിയിൽ ഉപവിഷ്ടയായ അമ്മയ്ക്ക് ആദ്യം പൂമാല ചാർത്തിയത് നടൻ മോഹൻലാൽ. വേദിയിൽ എത്തിയ വിശിഷ്ടാതിഥികളെല്ലാം അമ്മയ്ക്ക് ഹാരാർപ്പണം നടത്തി അനുഗ്രഹം തേടി. പ്രകൃതിയെ കൂടുതൽ ദ്രോഹിച്ചാൽ പ്രകൃതി മാതാവും ക്ഷോഭിക്കുമെന്നാണു സ്നേഹപ്രഭാഷണത്തിൽ അമ്മ പങ്കുവച്ചത്. കുട്ടികളിൽ അടുത്തിടെയായി കാണുന്ന ലഹരിയുടെ ദുശ്ശീലം അമ്മയുടെ ആശങ്കയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, സദ്ഗുരു ജഗ്ഗി വാസുദേവ്, നടൻമാരായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, ജയറാം, നൊബേൽ ജേതാവ് കൈലാഷ് സത്യാർഥി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, ഗായിക കെ.എസ്.ചിത്ര എന്നിവർ മുതൽ ഹോളിവുഡ് നടി ഡെമി മൂർ, ഗായിക ലേഡി ഗാഗ വരെയുള്ള 70 പേർ വിഡിയോയിൽ ആശംസകൾ നേർന്നു.

അമൃതപുരിയിൽ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ.ചിത്രം : മനോരമ
അമൃതപുരിയിൽ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ.ചിത്രം : മനോരമ

കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണം, അമൃതശ്രീ തൊഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങളിൽ നിന്നുള്ള വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം, ആരോഗ്യരക്ഷാ പദ്ധതി സഹായവിതരണം, 54 ദമ്പതികളുടെ സമൂഹ വിവാഹം, നാലു ലക്ഷം പേർക്ക് വസ്ത്രദാനം തുടങ്ങി ഒട്ടേറെ പരിപാടികൾ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. രാവിലെ 5ന് മഹാഗണപതി ഹോമത്തോടെയാണു ചടങ്ങുകൾ തുടങ്ങിയത്. ലളിതാസഹസ്ര നാമാർച്ചന, സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തിൽ സത്സംഗം, സംഗീത സംവിധായകൻ രാഹുൽ രാജും സംഘവും അവതരിപ്പിച്ച നാദാമൃതം എന്നിവ നടന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി മഹേന്ദർ നാഥ് പാണ്ഡേ, കേന്ദ്ര സഹമന്ത്രിമാരായ അശ്വനി കുമാർ ചൗബേ, വി. മുരളീധരൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ ശശി തരൂർ, എം.കെ. രാഘവൻ, എ.എം. ആരിഫ്, എൻ.കെ.പ്രേമചന്ദ്രൻ, എംഎൽഎമാരായ സി.ആർ.മഹേഷ്, റോജി എം.ജോൺ, കെ.ജെ.മാക്സി, ആധ്യാത്മിക നേതാക്കളായ സ്വാമി സച്ചിദാനന്ദ, സ്വാമി ചിദാനന്ദ പുരി, സ്വാമി സൂക്ഷ്മാനന്ദ, ബിജെപി നേതാക്കളായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, എം.പി.അബ്ദുള്ളക്കുട്ടി, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, കോൺഗ്രസ് നേതാക്കളായ ബിന്ദു ക‍ൃഷ്ണ, ആർ.ചന്ദ്രശേഖരൻ, എം.ലിജു, ബി.ആർ.എം.ഷെരീഫ്, ജ്യോതികുമാർ ചാമക്കാല, ധീവരസഭ നേതാവ് ബി.ദിനകരൻ, കേരളജനപക്ഷം നേതാവ് പി.സി.ജോർജ് എന്നിവരും വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും അമ്മയുടെ അനുഗ്രഹം തേടി.യുഎസിലെ ബോസ്റ്റൺ ഗ്ലോബൽ ഫോറവും മൈക്കൽ ഡ്യൂക്കാക്കിസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു നൽകുന്ന ‘വേൾഡ് ലീഡർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റി’ പുരസ്കാരം മാതാ അമൃതാനന്ദമയിക്കു ഫോറം സിഇഒ ന്യുയൻ ആൻ ട്വാൻ സമ്മാനിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള അമൃതകീർത്തി പുരസ്കാരസമർപ്പണവും നടന്നു.

അമ്മയുടെ സന്നിധിയിൽ സ്നേഹാശ്ലേഷം സ്വീകരിച്ച് മോഹൻലാൽ 

അമൃതപുരി∙ സപ്തതി ദിനത്തിൽ മാതാ അമൃതാനന്ദമയിയുടെ ആദ്യ സ്നേഹാശ്ലേഷം ലഭിച്ചതു നടൻ മോഹൻലാലിന്. അമ്മ വേദിയിലേക്ക് എത്തുമ്പോൾ തന്നെ മോഹൻലാലും അവിടെ എത്തിയിരുന്നു. ആദ്യം അമ്മയ്ക്കു ഹാരാർപ്പണം നടത്തി സാഷ്ടാംഗ പ്രണാമം നടത്തി എഴുന്നേറ്റപ്പോൾ അമ്മ കെട്ടിപ്പിടിച്ചു തലയിൽ സ്നേഹ ചുംബനം നൽകി. ഗുരുപാദപൂജയിലും ധ്യാനത്തിലും പങ്കെടുത്ത് ഏകദേശം അരമണിക്കൂറോളം അമ്മയുടെ സന്നിധിയിൽ ചെലവിട്ടാണു മോഹൻലാൽ മടങ്ങിയത്. യാത്ര ചോദിച്ചപ്പോൾ വീണ്ടും അനുഗ്രഹിച്ചാണു മടക്കിയത്. പതിറ്റാണ്ടുകളായി അമ്മ സകല ജീവരാശികളിലും ചൊരിയുന്ന നിസ്വാർഥ സ്നേഹത്തിനും നന്ദി ജന്മദിന സന്ദേശത്തിൽ മോഹൻലാൽ പറഞ്ഞു.

സപ്തതി ആഘോഷിക്കുന്ന മാതാ അമൃതാനന്ദമയിയെ ഹാരം 
അണിയിക്കുന്ന നടൻ മോഹൻലാൽ.
സപ്തതി ആഘോഷിക്കുന്ന മാതാ അമൃതാനന്ദമയിയെ ഹാരം അണിയിക്കുന്ന നടൻ മോഹൻലാൽ.

70 ലോക രാജ്യങ്ങളിൽ നിന്ന് ‘ശാന്തിയുടെ ചെറു മൺതരികൾ’ 

അമൃതപുരി∙ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി 70 ലോക രാജ്യങ്ങളിൽ നിന്നുള്ള മണ്ണ് അമൃതപുരിയിൽ അമ്മയുടെ സാന്നിധ്യത്തിൽ ഒന്നായി. ശാന്തിയുടെ ചെറു മൺ തരികൾ (ഗ്രെയ്ൻസ് ഓഫ് പീസ് ) എന്ന സന്ദേശവുമായാണ് 70 രാജ്യങ്ങളിൽ നിന്നുള്ള മണ്ണും പതാകകളുമായി പ്രതിനിധികൾ എത്തിയത്. മാതാ അമൃതാനന്ദമയിയുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ വലിയ ചെടിച്ചട്ടിയിലേക്കു പ്രതിനിധികൾ മണ്ണ് നിക്ഷേപിച്ചു.

ഇതിൽ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള മണ്ണും കൂട്ടിച്ചേർത്തു. ലോകത്താകെ സമാധാനത്തിന്റെയും ശാന്തിയുടെയും സുഗന്ധം പരക്കട്ടെ എന്ന പ്രാർഥനയോടെ ചെടിച്ചട്ടിയിൽ മാതാ അമൃതാനന്ദമയി ചന്ദനമരം നട്ടു. വിശിഷ്ട വ്യക്തികളായി എത്തിയവർ വെള്ളം നനച്ചു. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള മണ്ണും കൂടിച്ചേർന്നതിന്റെ ഒരു ഭാഗം എടുത്തു അതിനുള്ളിൽ വിത്ത് നിറച്ച് സീഡ് ബോളുകളാക്കി അതത് രാജ്യങ്ങളിലേക്കു അയയ്ക്കാനാണ് തീരുമാനം.

70 രാജ്യങ്ങളിൽ നിന്നു ശേഖരിച്ച മണ്ണ് കൂട്ടിച്ചേർത്തതിൽ ചന്ദനമരത്തൈ നടുന്ന മാതാ അമൃതാനന്ദമയി. സ്വാമിനി കൃഷ്‌ണാമൃത പ്രാണ, മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ സമീപം.
70 രാജ്യങ്ങളിൽ നിന്നു ശേഖരിച്ച മണ്ണ് കൂട്ടിച്ചേർത്തതിൽ ചന്ദനമരത്തൈ നടുന്ന മാതാ അമൃതാനന്ദമയി. സ്വാമിനി കൃഷ്‌ണാമൃത പ്രാണ, മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ സമീപം.

മാതാ അമൃതാനന്ദമയിയുടെ ജന്മദിന സന്ദേശം 

എല്ലാവരെയും ഒരുപോലെ കാണുക, സ്നേഹിക്കുക, സേവിക്കുക എന്നതാണ് അമ്മയുടെ ധർമം. കോവിഡ് നമ്മളെ അനവധി പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചു. സൃഷ്ടിയുടെ ആരംഭം മുതൽ  പ്രകൃതി അല്ലെങ്കിൽ ഈശ്വര ശക്തി  പഠിപ്പിച്ച നല്ല കാര്യങ്ങൾ വേണ്ടവണ്ണം പഠിച്ചിരുന്നെങ്കിൽ ഇന്നു മനുഷ്യൻ‌ നേരിടുന്ന സങ്കീർണമായ പല പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു. ഓരോ ആപത്തുകളും പ്രധാനമായും മൂന്നു കാര്യങ്ങളാണു മനുഷ്യനോട് ആവശ്യപ്പെടുന്നത്– സഹകരണം, സൗഹൃദം, സഹവാസം.

മനുഷ്യൻ മനുഷ്യനുമായി സഹകരിച്ചു നീങ്ങുക, പ്രകൃതിയുമായി സൗഹൃദം സ്ഥാപിക്കുക, ഈശ്വര ശക്തിയുമായി സഹവാസം പുലർത്തുക. സന്ധിസംഭാഷണം കൊണ്ടു പ്രകൃതിയുമായി ധാരണയുണ്ടാക്കാൻ കഴിയില്ല. എളിമയോടെയുള്ള സൗഹൃദവും ആരാധനാമനോഭാവവും കൊണ്ടേ ഫലമുള്ളൂ.  ജീവിതം വളരെ ചെറുതാണ്; സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും നമുക്കു കഴിയണം.

ഉൽപന്ന ശേഖരം കൊണ്ട് ശ്രദ്ധേയമായി അമൃതശ്രീ ഉൽപന്ന പ്രദർശനം 

അമൃതപുരി ∙  നൈപുണ്യ വികസനത്തിന്റെ കാഴ്ചയായി മാറി അമൃതശ്രീ ഉൽപന്ന പ്രദർശനം. മൊബൈൽ ഫോൺ ചാർജറിന്റെ ‘കേബിൾ ഹോർഡ്’ മുതൽ ‘റിവേഴ്സ‌ബിൾ സഞ്ചി’ വരെ അക്കൂട്ടത്തിലുണ്ട്. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി അമൃതാനന്ദമയി മഠം ആരംഭിച്ച അമൃത സ്വയംഹായ സംഘങ്ങളിലെ (അമൃതശ്രീ) വനിതകളുടെയും ട്രാൻസ്ജെൻ‍ഡർ വിഭാഗത്തിന്റെയും കരകൗശല ഉൽപന്നങ്ങളാണു മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചത്. 

യുഎസിലെ ബോസ്റ്റൺ ഗ്ലോബൽ ഫോറവും മൈക്കൽ ഡ്യൂക്കാക്കിസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു നൽകുന്ന വേൾഡ് ലീഡർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റി ’ പുരസ്കാരം മാതാ അമൃതാനന്ദമയിക്കു ഫോറം സഹസ്ഥാപകനും സിഇഒയുമായ ന്യുയൻ ആൻ ട്വാൻ സമ്മാനിച്ചപ്പോൾ.

തമിഴ്നാട് രാമേശ്വരത്തുള്ള വനിതാ കൂട്ടായ്മ നിർമിച്ച ആഭരണങ്ങൾ നൈപുണ്യ മികവ് കൊണ്ട് ശ്രദ്ധേയമായി.  അകംപുറം വ്യത്യാസമില്ലാത്ത വിധത്തിലാണ് തുണികൊണ്ടുള്ള റിവേഴ്സബിൾ ബാഗ്, ലാപ് ടോപ് ബാഗുകൾ, ലാപ് ടോപ് ചാർജർ സൂക്ഷിക്കാനുള്ള പൗച്ച്, നാണയത്തുട്ടുകൾ സൂക്ഷിക്കാൻ കഴിയുന്ന ചെറിയ തരം പൗച്ച്, തോൾ സഞ്ചികൾ, തലയണ ഉറകൾ, ആഭരണങ്ങൾ പ്രൗഢിയോടെ കൊണ്ടുനടക്കാൻ കഴിയുന്ന ‘പോട്ട്‌ലി ബാഗ്’ തുടങ്ങിയവയെല്ലാം തുണി കൊണ്ടു നിർമിച്ചവയാണ്. ഫാബ്രിക് പെയിന്റും എംബ്രോയ്ഡറിയും ചെയ്ത അലങ്കാര വസ്തുക്കളുമുണ്ട്. ചില ഉൽപന്നങ്ങളിൽ അമൃതാനന്ദമയിയുടെ സന്ദേശങ്ങളും അച്ചടിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയുള്ള ‘സങ്കൽപ്’ പദ്ധതിയിലൂടെ തൊഴിൽ പരിശീലനം നേടിയവരുടെ യഥാർഥ വിജയത്തിന്റെ കഥയായി മാറി പ്രദർശനം.

English Summary: Matha Amruthamayi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com