കാട്ടുപന്നി ശല്യം വീണ്ടും; കർഷകർ ആശങ്കയിൽ
Mail This Article
ആയൂർ ∙ ഇടവേളയ്ക്കു ശേഷം കാട്ടുപന്നിയുടെ ശല്യം വീണ്ടും രൂക്ഷമായത് കർഷകരെ ആശങ്കയിലാക്കുന്നു. കൂട്ടമായി എത്തുന്ന ഇവ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ പല കർഷകരും കൃഷി മതിയാക്കാൻ ഒരുങ്ങുകയാണ്. ഇടമുളയ്ക്കൽ പഞ്ചായത്തിലെ തൊള്ളൂർ, കൊമ്പേറ്റിമല, ആലക്കുന്ന്, വാഴോട്ട് ഭാഗങ്ങളിലാണ് ഇവയുടെ ശല്യം കൂടുതലായുള്ളത്.
മരച്ചീനി, കൂവ, ചേന, ചേമ്പ്, വാഴ, പച്ചക്കറികൾ, റബർ തൈകൾ എന്നിവയെല്ലാം നശിപ്പിക്കുന്നു. തെങ്ങിൻ തൈകൾ പോലും ഇവ വെറുതേ വിടാറില്ല. കാട്ടുപന്നികൾ വീടുകൾക്കു സമീപം എത്തുന്നതിനാൽ ഇവയെ ഭയന്ന് ആളുകൾക്കു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഇവയുടെ ശല്യം കൂടുതലുള്ള മേഖലകളിൽ വൈകുന്നേരമായാൽ ആളുകൾ പുറത്തിറങ്ങാറില്ല.
കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കൂടാതെ ഒറ്റയ്ക്ക് എത്തുന്നവയുമുണ്ട്. വലുപ്പം കൂടുതലുള്ള ഇവ ഏറെ അപകട കാരികളാണെന്നും നാട്ടുകാർ പറയുന്നു. പന്നികളെ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ ഇടമുളയ്ക്കൽ പഞ്ചായത്തിൽ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും പറയുന്നു.