ഡോ.വന്ദന വധക്കേസ്: വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടികൾ തുടങ്ങി
Mail This Article
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള നടപടികൾ തുടങ്ങി. പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപിന് എതിരായ കുറ്റങ്ങളും അനുബന്ധ തെളിവുകളും പ്രോസിക്യൂഷൻ ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്ട് ജഡ്ജി പി.എൻ.വിനോദ് മുൻപാകെ അറിയിച്ചു. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണു പ്രതിയെ ഹാജരാക്കിയത്. തുടർ വാദം 17ന് നടക്കും. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി
ഐപിസി 302, 307, 324, 333, 341 വകുപ്പുകളും ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും ആക്രമിക്കുന്നതു തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകളും പൊതുസ്വത്ത് നശിപ്പിക്കുന്നതു തടയാനുള്ള നിയമത്തിലെ വകുപ്പുകളും സന്ദീപിന് എതിരായി കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. 136 സാക്ഷി മൊഴികളും 121 തെളിവുകളും കുറ്റപത്രത്തിലുണ്ട്. പ്രതി സന്ദീപ് ഇന്നലെ വീണ്ടും ജാമ്യാപേക്ഷ നൽകി.