ADVERTISEMENT

ശാസ്താംകോട്ട ∙ ‘ആദർശ്’ സ്റ്റേഷനായി പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ  വെയിലും മഴയും ഏൽക്കാതെ നിൽക്കണമെങ്കിൽ ടിക്കറ്റിനൊപ്പം യാത്രക്കാർ കുട കൂടി കരുതണം. ആകെയുള്ള രണ്ടു പ്ലാറ്റ്ഫോമുകളിൽ പകുതിയിടത്ത് പോലും മേൽക്കൂര സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

കോൺക്രീറ്റ് ഇരിപ്പിടങ്ങൾ മിക്കവയും മേൽക്കൂര ഇല്ലാത്ത സ്ഥലത്താണ്. യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നിടത്തെങ്കിലും മേൽക്കൂര വേണമെന്നുള്ള ആവശ്യം ശക്തമാണ്. മേൽക്കൂര സ്ഥാപിച്ച സ്ഥലങ്ങളിൽ ഇരിപ്പിടങ്ങളുമില്ല. യാത്രക്കാർ കൂടിയതോടെ വരുമാനം ഉയർന്നെങ്കിലും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി.

സൗകര്യങ്ങൾ പരിമിതം

അടൂർ, കുന്നത്തൂർ, കൊട്ടാരക്കര താലൂക്കുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. രാവിലെ തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളിൽ കടന്നുകൂടുന്നത് ശ്രമകരമാണ്. 

തിരുവനന്തപുരത്തേക്ക് രാവിലെ മലബാർ എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ കൂടുതൽ പേരും ആശ്രയിക്കുന്നത് വഞ്ചിനാടിനെയാണ്. എന്നാൽ ഇത് മിക്കപ്പോഴും വൈകുന്നത് യാത്രക്കാരെ വലയ്ക്കും. വഞ്ചിനാട് എക്സ്പ്രസിൽ കാലുകുത്താൻ പോലും ഇടമില്ലാത്തതും ദുരിതമാണെന്നു യാത്രക്കാർ.

സ്റ്റോപ് അനുവദിക്കണം

ഏറനാട്, ശബരി, ജയന്തി ജനത, അമൃത, നേത്രാവതി, ഇന്റർസിറ്റി ഉൾപ്പെടെയുള്ള എക്സ്പ്രസ് ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാണ്.  ആലപ്പുഴ ഭാഗത്തേക്ക് മെമു മാത്രമാണുള്ളത്. സ്റ്റോപ്പുകൾ ഉറപ്പാക്കണമെന്ന ആവശ്യവുമായി സ്റ്റേഷനു മുന്നിൽ സമരങ്ങൾ നടന്നെങ്കിലും പരിഹാര നടപടികളൊന്നുമില്ല. തിരുവനന്തപുരത്തെ ഡിവിഷനൽ മാനേജരുടെ ഓഫിസിനു മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് യാത്രക്കാർ.

സ്റ്റേഷനിലേക്ക് ബസില്ല

പ്രധാന പാതയിൽ നിന്നും അകലെയുള്ള റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവീസുകളൊന്നും ഇപ്പോഴില്ല. സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് ഓട്ടോറിക്ഷകളാണ് ആശ്രയം. റിങ് റോഡ് ഉറപ്പാക്കി ബസ് സർവീസുകൾ സജീവമാക്കുമെന്ന പ്രഖ്യാപനം ഓരോ ബജറ്റിലും ഉണ്ടാകാറുണ്ട്. എന്നാൽ നടപടികളൊന്നുമില്ല. റോഡിന്റെ വീതി കൂട്ടി നവീകരിക്കാനും പദ്ധതികളില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com