വിമാനത്താവളത്തിനു സമാനമായ സൗകര്യം; പുതിയ കൊല്ലം റെയിൽവേ സ്റ്റേഷൻ 2025 ഡിസംബറിൽ തുറക്കും
Mail This Article
കൊല്ലം ∙ കൊല്ലം റെയിൽവേ സ്റ്റേഷന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി 2025 ഡിസംബറിൽ കമ്മിഷൻ ചെയ്ത് പ്രവർത്തനം ആരംഭിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. കരാർ പ്രകാരം 2026 ജനുവരി 21ന് ആണ് പ്രവൃത്തികൾ പൂർത്തിയാക്കേണ്ടത്. നിർമാണ പ്രവർത്തനങ്ങളും നൽകാൻ ഉദ്ദേശിക്കുന്ന സേവനങ്ങളും പ്ലാറ്റിനം ഗ്രേഡിൽ ആയിരിക്കും നടപ്പാക്കുക. കരാർ സമയത്ത് നിർമാണത്തിന് ഗോൾഡ് നിലവാരമാണ് ആലോചിച്ചിരുന്നതെങ്കിലും എംപിയുടെ ആവശ്യത്തെ തുടർന്ന് കൂടുതൽ പരിസ്ഥിതി സൗഹൃദവും ആധുനികവുമായ പ്ലാറ്റിനം നിലവാരത്തിലേക്ക് നിർമാണ രീതി മാറ്റാൻ നിർദേശം നൽകിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ദക്ഷിണ റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം സിഎഒയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ.
∙ സ്റ്റേഷന്റെ തെക്കു ഭാഗത്തുളള ഒന്നാം ടെർമിനൽ കെട്ടിടത്തിന് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 5 നിലകളാണുളളത്. 55000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ യാത്രക്കാർക്കുളള കാത്തിരിപ്പ് കേന്ദ്രം, ലോഞ്ചുകൾ, കമേഴ്സ്യൽ ഏരിയ എന്നിവയുണ്ടാകും. താഴത്തെ നിലയിൽ ശുചിമുറികൾ, ബേബി കെയർ, ഫീഡിങ് റൂം, ഹെൽപ് ഡെസ്ക്, കമേഴ്സ്യൽ ഔട്‌ലെറ്റ്, കിയോസ്കുകൾ എന്നിവ ഒരുക്കും. 2 എസ്കലേറ്ററും 8 ലിഫ്റ്റുകളും ബാഗേജ് സ്കാനറും കംപ്യൂട്ടറൈസ്ഡ് മൾട്ടി എനർജി എക്സ്റേയും സ്ഥാപിക്കും.
∙ രാജ്യാന്തര നിലവാരത്തിലുളള വിമാനത്താവളങ്ങൾക്കു സമാനമായ സൗകര്യങ്ങളാണ് എയർ കോൺ കോഴ്സിൽ ഒരുക്കുന്നത്. 36 മീറ്റർ വീതിയിൽ രണ്ട് ടെർമിനലുകളെയും യോജിപ്പിക്കുന്നതും എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്നതാണ് എയർ കോൺകോഴ്സ്. 4 എസ്കലേറ്ററുകളും 4 ലിഫ്റ്റുകളും സ്ഥാപിക്കും. പൂർണമായും പരിസ്ഥിതി സൗഹൃദമായ നിലവാരത്തിലാണ് നിർമാണം. റസ്റ്ററന്റുകൾ, ഔട്‌ലെറ്റുകൾ, റീട്ടെയ്ൽ ഔട്‌ലെറ്റുകൾ എന്നീ സൗകര്യങ്ങളും ഒരുക്കും. സാധാരണ ഗതിയിൽ റെയിൽവേ സ്റ്റേഷനിലേക്കുളള പ്രവേശനം ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഉളളവർക്ക് മാത്രമാണ്. എന്നാൽ പുതിയതായി ഒരുക്കുന്ന മാളിന് സമാനമായ സൗകര്യമുളള കോൺകോഴ്സിൽ പൊതുജനങ്ങൾക്കു ടിക്കറ്റില്ലാതെ പ്രവേശിക്കാം.
∙ പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി 5 നിലകളുളള മൾട്ടി ലവൽ കാർ പാർക്കിങ് സംവിധാനം ഒരുക്കും. കാർ പാർക്കിങ് സമുച്ചയത്തിൽ 2 ലിഫ്റ്റുകളുണ്ടാവും. ഒരേ സമയം 239 ബൈക്കുകൾക്കും 150 കാറുകൾക്കും പാർക്ക് ചെയ്യാൻ കഴിയും. ഇതു കൂടാതെ താഴെയും പാർക്കിങ്ങിനും സൗകര്യം ഒരുക്കും.അവലോകന യോഗത്തിലും പരിശോധനയിലും ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം കേരള മേധാവി ഷാജി സക്കറിയ, ഡപ്യൂട്ടി ചീഫ് എൻജിനീയർ ചന്ദ്രു പ്രകാശ്, പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റ് ദാമോദരൻ, റൈറ്റ്സ് ടീം ലീഡർ കെ.കരുണാനിധി, സതേൺ റെയിൽവേ എക്സിക്യൂട്ടീവ് എൻജിനീയർ ഷൺമുഖം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും മറ്റു വിദഗ്ധരും പങ്കെടുത്തു.
മെമു ഷെഡ് 2024 ഡിസംബറിൽ
കൊല്ലം ∙ 2024 ഡിസംബറോടു കൂടി മെമു ഷെഡിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 24 കോടി ചെലവിൽ നിർമിക്കുന്ന മെമു ഷെഡിലൂടെ കൊല്ലത്തെ മെമു ഹബ്ബാക്കി മാറ്റാൻ സാധിക്കും. ഇപ്പോൾ മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നത് തമിഴ്നാട്ടിലെ ഈറോഡിലാണ്. കൊല്ലത്ത് നിന്നും കൂടുതൽ മെമു സർവീസുകൾ ആരംഭിക്കാനും ഇത് സഹായകരമാകും.
മൾട്ടി ഡിസിപ്ലിനറി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്
റെയിൽവേ ഡിവിഷനു കീഴിലുള്ള ജീവനക്കാർക്കായുള്ള വിവിധോദ്ദേശ്യ പരിശീലനം പൂർണമായും കൊല്ലത്തു നടത്താൻ കഴിയുന്ന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണവും ഉടൻ പൂർത്തിയാക്കും. പതിനയ്യായിരം ചതുശ്രയടി വിസ്തീർണമുളളതാകും കെട്ടിടം.