പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കാൻ നിർദേശം
Mail This Article
പുനലൂർ ∙ 5 വർഷങ്ങൾക്കു മുൻപ് ഗേജ് മാറ്റം കഴിഞ്ഞ ചെങ്കോട്ട – പുനലൂർ റൂട്ടിലെ ആര്യങ്കാവ്, കഴുതുരുട്ടി, ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കാൻ ഇന്നലെ സ്ഥലത്തെത്തിയ റെയിൽവേ ‘ഗതി ശക്തി’ ഉദ്യോഗസ്ഥർ കരാറുകാർക്കു നിർദേശം നൽകി. റെയിൽവേയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അടുത്തിടെ നിലവിൽ വന്ന വിഭാഗമാണ് ഗതിശക്തി. ന്യൂ ആര്യങ്കാവ് ക്രോസിങ് സ്റ്റേഷനും ആര്യങ്കാവും കഴുതുരുട്ടിയും ഹാൾട്ട് സ്റ്റേഷനുകളുമാണ്. ഈ പാതയിൽ തെന്മല, ഇടമൺ, തമിഴ്നാട്ടിലെ ഭഗവതിപുരം എന്നീ സ്റ്റേഷനുകളുടെയും 2ാം പ്ലാറ്റ്ഫോമുകളുടെയും ഒറ്റക്കൽ ഹാൾട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന്റെയും ഉയരം വർധിപ്പിക്കേണ്ടതായി ഉണ്ട്.
ഇത്രയും സ്റ്റേഷനുകളുടെ ജോലികൾ മറ്റു പാക്കേജിലാണു കരാർ നൽകിയിരിക്കുന്നത്. ആ നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കാൻ ഗതിശക്തി ഉദ്യോഗസ്ഥർ ഇടപെടുമെന്നറിയുന്നു. ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിൽ ഗേജ്മാറ്റം വന്നപ്പോൾ സ്ഥലപരിമിതി ഉള്ളതുകൊണ്ട് ക്രോസിങ് സ്റ്റേഷൻ ആയാണു ന്യൂ ആര്യങ്കാവ് വികസിപ്പിച്ചത്. അതിനാൽ രണ്ടാം ട്രാക്കിൽ പ്ലാറ്റ്ഫോം നിർമിച്ചിരുന്നില്ല. ഇപ്പോഴത്തെ നിർമാണത്തോടൊപ്പം ഇവിടെ പ്ലാറ്റ്ഫോം നിർമിക്കുന്ന ജോലികൾ ഉൾപ്പെടുത്തിയിട്ടില്ല.
എന്നാൽ, ഇവിടെ പ്ലാറ്റ്ഫോം നിർമിച്ചില്ലെങ്കിൽ അത് യാത്രക്കാർക്ക് വലിയ അപകടം വരുത്തി വയ്ക്കുമെന്ന ആശങ്കയുമുണ്ട്. ഈ പാതയിലെ ഭഗവതിപുരം, ഇടമൺ, തെന്മല റെയിൽവേ സ്റ്റേഷനുകളിൽ 18 കോച്ചുകൾ വരെ പിടിച്ചിടാവുന്ന നീളത്തിലുള്ള പ്ലാറ്റ്ഫോമുകളാണ് ഉള്ളത്. ഗതിശക്തി സീനിയർ സെക്‌ഷൻ എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു സ്ഥലത്തെത്തിയത്.
വിപുലമായ പാർക്കിങ് ഗ്രൗണ്ട് നിർമിക്കുന്നു
പുനലൂർ ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പുനലൂർ റെയിൽവേ സ്റ്റേഷനിൽ വിപുലമായ പാർക്കിങ് ഗ്രൗണ്ട് നിർമിക്കുന്നതിന് റെയിൽവേ സ്റ്റേഷൻ യാർഡിനു സമീപമുള്ള മരങ്ങൾ മുറിക്കാൻ നടപടി തുടങ്ങി. റെയിൽവേ ‘ഗതിശക്തി’ വിഭാഗം ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തിയ ശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്ന കരാറുകാർക്കു നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മുറിക്കേണ്ട മരങ്ങളുടെ എണ്ണവും അളവും എടുത്തു തുടങ്ങിയത്. ഇവിടെ കോച്ചുകളിൽ വെള്ളം നിറയ്ക്കുന്നതിനു സ്ഥാപിച്ചിട്ടുള്ള ഭൂഗർഭ ടാങ്ക് മുതൽ നിലവിലെ ഗ്രൗണ്ട് വരെയുള്ള ഭാഗത്തെ എല്ലാ മരങ്ങളും മുറിച്ചു നീക്കും. ഇതിനായി നഗരസഭയുടെയും വനം വകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെയും അനുമതി ലഭിച്ചാൽ ഉടൻ മരങ്ങൾ ലേലം ചെയ്യും. തുടർന്ന് വിശാലമായ പാർക്കിങ് ഏരിയ ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സമാന്തരമായി സ്റ്റേഷൻ മന്ദിരം മോടിപിടിപ്പിക്കുകയും ചെയ്യും. ഇതിനുള്ള കരാർ നടപടികളും അന്തിമഘട്ടത്തിലാണ്.