ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുത്തതിൽ പിഴവ്; അപേക്ഷയുമായി ഓഫിസുകൾ കയറിയിറങ്ങി രണ്ട് വസ്തു ഉടമകൾ
Mail This Article
ഓച്ചിറ∙ ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്ന നടപടിയിൽ അധികൃതർക്ക് വന്ന പിഴവു മൂലം രണ്ടു വസ്തു ഉടമകൾ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അപേക്ഷകളുമായി ഓഫിസുകൾ കയറിയിറങ്ങി തളർന്നു. ഏറ്റെടുക്കാത്ത സ്ഥലത്ത് നിർമാണം നടത്താൻ കഴിഞ്ഞ ദിവസം മണ്ണുമാന്തിയുമായെത്തി ശ്രമിച്ചപ്പോൾ വസ്തു ഉടമ തടഞ്ഞു. വസ്തുവിൽ നടത്തിയ എല്ലാ പ്രവൃത്തികളും പൂർവ സ്ഥിതിയിലാക്കിയ ശേഷം മണ്ണുമാന്തി പിന്നീട് വസ്തുവിൽ നിന്ന് പുറത്താക്കി.
ദേശീയപാതയിൽ വലിയകുളങ്ങര പള്ളിമുക്കിന് സമീപത്തെ വസ്തു ഉടമകളായ നന്ദനത്തിൽ ബിജു, നീലികുളം ഉദയത്തിൽ ഷാജഹാൻ എന്നിവരുടെ സ്ഥലമാണ് ഇതുവരെ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാതെ കിടക്കുന്നത്. ഈ ഭാഗത്ത് പാതയുടെ വികസന ജോലി 50% പൂർത്തിയായിട്ടുണ്ട്. 8 സെന്റ് ഭൂമിയിൽ മൂന്ന് മുറി കട, വീടിന്റെ ഭാഗം ഉൾപ്പെടെയാണ് ദേശീയപാത വികസനത്തിന് ഏറ്റെടുക്കേണ്ടത്.
സമീപത്തെ ഭൂമി ഒന്നര വർഷം മുൻപ് എല്ലാ നടപടികളും പൂർത്തിയാക്കി ഏറ്റെടുത്തിരുന്നു. ആദ്യ വിജ്ഞാപനത്തിൽ അധികൃതർക്ക് പറ്റിയ പിഴവാണ് ഇപ്പോഴും ഇവരുടെ ഭൂമി ഏറ്റെടുക്കുന്നതിന് കുരുക്കായത്. കഴിഞ്ഞ മാർച്ച് 17ന് പുതിയ വിജ്ഞാപനം നടത്തി തുടർ നടപടി ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. നിലവിൽ പാത വികസനത്തിനുള്ള സ്ഥലം റവന്യു വിഭാഗം ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറുകയും ഇത് കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി കൈമാറുകയും ചെയ്തു. അതിനാൽ പുതുതായി വസ്തു ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സം ഉണ്ടെന്നാണ് അധികൃതർ പറയുന്നത്.
കട മുറികളുടെ പ്രവർത്തനം രണ്ടു വർഷമായി നിർത്തിയിരിക്കുകയാണ്. വസ്തു ദേശീയപാത വികസനത്തിന് വിട്ട് നൽകുന്നത് എല്ലാ രേഖകളും ഹാജരാക്കിയ ശേഷം ഓഫിസുകൾ കയറി ഇറങ്ങുകയാണ് ബിജുവും ഷാജഹാനും. ഏറ്റെടുക്കൽ നടപടി പൂർത്തിയായെന്നും വസ്തു ഉടമകൾക്ക് വേഗം പണം നൽകുമെന്നും അധികൃതർ പറയുന്നു.