ADVERTISEMENT

ഓച്ചിറ∙ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവം നാളെ ആരംഭിച്ച്  28ന് സമാപിക്കും. നാളെ 8ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യൻ തോട്ടത്തിൽ പതാക ഉയർത്തുന്നതോടെയാണ് ഉത്സവത്തിനു തുടക്കമാവും.   ഹിന്ദുമത കൺ‍വൻഷൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.സോമരാജൻ ഉദ്ഘാടനം ചെയ്യും. 10 ദിവസത്തെ വിവിധ സമ്മേളനങ്ങൾ ശശി തരൂർ എംപി, മുൻ മന്ത്രി ജി.സുധാകരൻ, മുൻ എംപി സി.എസ്.സുജാത, പിഎസ്‌സി മുൻ ചെയർമാൻ ഡോ.രാധാകൃഷ്ണൻ, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, എം.ലിജു, മുൻ എംപി പന്ന്യൻ രവീന്ദ്രൻ, അടൂർ പ്രകാശ് എംപി, ബിനോയ് വിശ്വം എംപി, രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്യും. പരബ്രഹ്മ പുരസ്കാരത്തിനുള്ള നാടകോത്സവും നടക്കും.

വൃശ്ചികോത്സവം ക്ഷേത്ര സപ്ലിമെന്റ് പ്രകാശനം ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥൻ ഓച്ചിറ മീഡിയ ക്ലബ് ട്രഷറർ റൂഫ് വേൾഡ് രാധാകൃഷ്ണനു നൽകി നിർവഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വലിയഴീക്കൽ പി.പ്രകാശൻ, ചൂനാട് വിജയൻ പിള്ള, കെ.രഘുനാഥൻ പിള്ള, എം.ഗോപാലകൃഷ്ണ പിള്ള, കട്ടച്ചിറ ഗോപൻ, ജി.ധർമദാസ് കൊച്ചുമുറി, ബി.െസ്.വിനോദ് എന്നിവർ പ്രസംഗിച്ചു. 

ഭജനം പാർക്കാൻ സൗകര്യം 

വൃശ്ചികോത്സവത്തിനായി പടനിലം ഒരുങ്ങി. 800 ഭജനക്കുടിലുകളും വിവിധ സത്രങ്ങളിൽ 200 മുറികളും ഭക്തർക്ക് ഭജനം പാർക്കുന്നതിനായി വിതരണം ചെയ്തു. ഓഡിറ്റോറിയത്തിലും പടനിലത്തെ ആൽത്തറകളിലും സേവ പന്തലുകളിലും  ഭജനം പാർക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായി. ശുദ്ധ ജല വിതരണം, മാലിന്യ സംസ്കരണം, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം, സുരക്ഷാ സംവിധാനം, ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ ഒരുക്കി.  17ന് വൈകിട്ട് 6ന് ആരംഭിക്കുന്ന കലാമേള   29 പുലർച്ചെ സമാപിക്കും. എല്ലാ ഒരുക്കങ്ങളും      പൂർത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.

കൊല്ലം ∙ വൃശ്ചികക്കാറ്റും ശരണമന്ത്രം വിളിക്കുന്ന മണ്ഡലകാലത്തിനു നാളെ തുടക്കം. വ്രതമെടുത്ത്, മുദ്ര അണിഞ്ഞ്, കറുപ്പുടുത്ത്, ദേവോപാസനയിലൂടെ അയ്യപ്പനായി മാറി  ഭക്തനും ദേവനും ഒന്നാകുന്ന മണ്ഡല കാലം. നാളെ മുതൽ ധനു 11 വരെ നീളുന്ന 41 ദിനമാണ് മണ്ഡലകാലം. ചിറപ്പ് ഉത്സവത്തോടെയാണ് മണ്ഡലകാലത്തിനു സമാപനം. പിന്നെ മകര വിളക്കിനുള്ള കാത്തിരിപ്പ്. ഭക്തരും ക്ഷേത്രങ്ങളും മണ്ഡലകാലത്തെ വരവേൽക്കാൻ സജ്ജമായി. ക്ഷേത്രങ്ങളിൽ ദിവസവും പാരായണവും പ്രത്യേക പൂജകളും ഭജനയും ശാസ്താംപാട്ടും നടക്കും. മാല ഇടുന്നതിനും മലയ്ക്കു പോകുന്നതിന് ഇരുമുടിക്കെട്ടു നിറയ്ക്കുന്നതിനും തിരക്കാകും. വീടുകളിലും ക്ഷേത്രങ്ങളിലും അയ്യപ്പൻ കഞ്ഞി ഒരുക്കും. 

കെഎസ്ആർടിസി പ്രത്യേക സർവീസ്

കൊട്ടാരക്കര ഡിപ്പോയിൽ നിന്നു പമ്പയിലേക്ക് കെഎസ്ആർടിസി ഇന്ന് മുതൽ പ്രത്യേക സർവീസ് നടത്തും. അയ്യപ്പന്മാരുടെ തിരക്ക് അനുസരിച്ചാകും സർവീസ് നടത്തുക. അയ്യപ്പഭക്തർ കൂട്ടമായി ആവശ്യപ്പെടുന്ന ക്ഷേത്രങ്ങളിലോ സ്ഥലത്തോ എത്തി പമ്പയിലേക്ക് സർവീസ് നടത്തിയ തിരികെ എത്തിക്കുന്നതിനുള്ള ക്രമീകരണവും മറ്റു ഡിപ്പോകളിൽ നടത്തിയിട്ടുണ്ട്.

വിപണിയും സജീവം

മണ്ഡലകാലം വിപണിക്കും പുതിയ ഉണർവ് നൽകും. മുദ്ര അണിയുന്നതിന് തുളസി മാലയും  രുദ്രാക്ഷവും നിരന്നു. ഇരുമുടി കെട്ട് നിറയ്ക്കുന്നതിനുള്ള പൂജാ സാധനങ്ങളുടെ വിൽപനയും തുടങ്ങി. നാളികേരം, നെയ്യ്, കറുപ്പ്, കാവി മുണ്ടുകൾ എന്നിവയുടെ വിൽപനയും മണ്ഡലകാലത്ത് കുതിച്ച് ഉയരും. കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും മണ്ഡലകാലത്താണ്. ടാക്സികൾ, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയവയ്ക്ക്  തിരക്കിന്റെ സമയവുമാണ് മണ്ഡലകാലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com