ആർ.ബാലകൃഷ്ണ പിള്ളയുടെ ശിൽപവും സാംസ്കാരിക നിലയവും: ഭിന്നത വീണ്ടും കൗൺസിൽ യോഗത്തിൽ
Mail This Article
കൊട്ടാരക്കര ∙ മുൻ മന്ത്രി ആർ.ബാലകൃഷ്ണ പിള്ളയുടെ ശിൽപം നിർമാണത്തെച്ചൊല്ലി സിപിഎം - കേരള കോൺഗ്രസ് (ബി) ഭിന്നത വീണ്ടും. ഇന്നലെ നടന്ന കൊട്ടാരക്കര നഗരസഭ കൗൺസിലിൽ നിന്ന് കേരള കോൺഗ്രസ് (ബി) പ്രതിനിധിയായ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ള കൗൺസിലർമാർ ഇറങ്ങിപ്പോയി. ചന്തമുക്കിലെ നഗരസഭാ മൈതാനത്തു സ്ഥാപിക്കുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ പ്രതിമയുടെ നിർമാണത്തിന്റെയും സാംസ്കാരിക നിലയത്തിന്റെയും രൂപരേഖയും വിവരങ്ങളും പാർട്ടി നേതാക്കളെ ബോധ്യപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ഇത് ആവശ്യപ്പെട്ട് നേരത്തേ സമരത്തിലായിരുന്നു കേരള കോൺഗ്രസ് (ബി).
പിന്നീട് മന്ത്രി കെ.എൻ.ബാലഗോപാലിനെ കണ്ടു ചർച്ച നടത്തി. ആർ.ബാലകൃഷ്ണ പിള്ളയുടെ പ്രതിമ സ്ഥാപിക്കാൻ സ്ഥലം നൽകുമെന്നും സാംസ്കാരിക നിലയം സ്ഥാപിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതായും സമരം പിൻവലിക്കുന്നതായും കേരള കോൺഗ്രസ് (ബി) നേതാക്കൾ അറിയിച്ചു. ആർ.ബാലകൃഷ്ണ പിള്ളയുടെ പ്രതിമയുടെയും സാംസ്കാരിക കേന്ദ്രത്തിന്റെയും രൂപരേഖ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് (ബി) നേതൃത്വം നഗരസഭാ അധികൃതരെ സമീപിച്ചിരുന്നു.
മന്ത്രിയുടെ തീരുമാനം നഗരസഭയ്ക്കറിയില്ലെന്നും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും കേരള കോൺഗ്രസ് (ബി) നേതൃത്വം പറയുന്നു. പ്രതിമ നിർമാണത്തിനുള്ള സ്ഥലവും രൂപരേഖയും നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതു വരെ സമരം തുടരാനാണ് തീരുമാനം. നഗരസഭ വൈസ് ചെയർമാൻ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷൻ ജേക്കബ് വർഗീസ് വടക്കടത്ത്, എ.ഷാജു എന്നിവരാണു കൗൺസിൽ യോഗം ബഹിഷ്കരിച്ചത്. 6 അംഗങ്ങളിൽ 3 പേരാണ് ഇന്നലെ കൗൺസിലിന് എത്തിയത്. ബഹിഷ്കരണത്തിനു ശേഷവും സിപിഎം പ്രതിനിധിയായ മുനിസിപ്പൽ ചെയർമാൻ എസ്.ആർ.രമേശിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.