നാട്ടുകാർക്കും തീർഥാടകർക്കും പേടിസ്വപ്നമായി കാട്ടുപന്നിക്കൂട്ടം
Mail This Article
അച്ചൻകോവിൽ ∙ ശബരിമല സീസണിൽ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ തീർഥാടകരുടെ വരവേറിയതോടെ നാട്ടുകാർക്കും ഇപ്പോൾ തീർഥാടകർക്കും ഭീഷണിയായി കാട്ടുപന്നിക്കൂട്ടം. ക്ഷേത്രത്തിനു ചുറ്റും പരിസരങ്ങളിലും ആരെയും വകവയ്ക്കാതെ കാട്ടുപന്നികൾ വിലസുകയാണ്. തീർഥാടകരുടെ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും മറ്റു വാഹനങ്ങളും എത്തുന്ന പ്രധാന പാതകളിൽ കൂട്ടത്തോടെയാണു കാട്ടുപന്നികളുടെ വിളയാട്ടം. കാട്ടുപന്നികളെ കാട്ടിലേക്ക് ഓടിക്കാൻ കഴിയാതെ വനപാലകർ കുഴയുകയാണ്. ക്ഷേത്രത്തിൽ നിന്നു ബൈക്കിൽ എത്തിയ പടിഞ്ഞാറേ പുറമ്പോക്കിൽ കല്ലാർ റേഞ്ചിലെ വാച്ചർ അനിൽകുമാറിനെ (41) കാട്ടുപന്നിക്കൂട്ടം ആക്രമിച്ചിരുന്നു. കറുപ്പൻ കോവിലിനു മുൻപിലായിരുന്നു സംഭവം.
പുനലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിലിനു ചികിത്സ നൽകി വിട്ടയച്ചു. വനത്തിൽ നിന്നെത്തുന്ന കാട്ടുപന്നികളുടെ ആക്രമണം പതിവായതോടെ നേരത്തെ ഇവയിൽ ചിലതിനെ വെടിവച്ചു കൊന്നു കുഴിച്ചു മൂടിയിരുന്നു. കാട്ടുപന്നികളുടെ ആക്രമണത്തിൽ ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടും ഭീതി ഒഴിയാതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിൽ നാട്ടുകാർ ദുരിതത്തിലായി. വിളകൾ നശിപ്പിച്ച് അകത്താക്കിയിരുന്ന കാട്ടുപന്നികൾ കോഴികളെയും ആടുകളെയും ആക്രമിച്ചു തുടങ്ങിയതോടെ ഭീതി വർധിച്ചിരിക്കുകയാണ്. കുട്ടികളെ മനസമാധാനത്തോടെ പുറത്തേക്കു വിടാൻ ഭീതിയിലാണു രക്ഷിതാക്കൾ.