ലൈംഗികാതിക്രമം: പ്രതിക്ക് 11 വർഷം കഠിനതടവും പിഴയും
Mail This Article
കരുനാഗപ്പള്ളി ∙ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കാലിനു പരുക്കേറ്റു ചികിത്സയ്ക്കായി എത്തിയ പെൺകുട്ടിയെ വീൽചെയറിൽ തള്ളിക്കൊണ്ടുപോയ സമയം ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതി, ആശുപത്രിയിലെ താൽക്കാലിക സുരക്ഷാ ജീവനക്കാരനായിരുന്ന മൈനാഗപ്പള്ളി ഇടവനശേരി മുട്ടത്തുകാവിനു സമീപം പൂമ്പളേത്ത് വടക്കതിൽ വിക്രമൻ പിള്ള (66) കുറ്റക്കാരൻ. പ്രതിക്ക് 11 വർഷം കഠിനതടവും 40000 രൂപ പിഴയും കരുനാഗപ്പള്ളി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എഫ്.മിനിമോൾ ശിക്ഷ വിധിച്ചു.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷവും 4 മാസവും കൂടി അധികം തടവ് അനുഭവിക്കണം. ശാസ്താംകോട്ട പൊലീസ് ചാർജ് ചെയ്ത കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ലൈംഗിക അതിക്രമങ്ങളിൽ നിന്നു കുട്ടികൾക്കുള്ള സംരക്ഷണ നിയമം 2012ലെയും വിവിധ വകുപ്പുകൾ പ്രകാരമാണു ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2022 മാർച്ചിലാണ്. കുട്ടിക്കൊപ്പം അമ്മുമ്മയും അമ്മാവനും ഉണ്ടായിരുന്നു. അന്നുതന്നെ കേസ് എടുത്തു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.പി.അനൂപാണ് കേസ് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി.പ്രേംചന്ദ്രൻ കോടതിയിൽ ഹാജരായി.