ശാസ്താംകോട്ട തടാക സംരക്ഷണം, ടൂറിസം വികസനം; 2 കോടി രൂപയുടെ പദ്ധതിയുമായി പടിഞ്ഞാറെ കല്ലട പഞ്ചായത്ത്
Mail This Article
ശാസ്താംകോട്ട ∙ കേരളത്തിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ചു ശാസ്താംകോട്ട തടാക സംരക്ഷണത്തിനും ടൂറിസം വികസനത്തിനും സമഗ്ര പദ്ധതിയുമായി പടിഞ്ഞാറേ കല്ലട പഞ്ചായത്ത്. കായൽ ബണ്ടിലെ സുന്ദരമായ ഒന്നര കിലോമീറ്റർ സ്ഥലം ടൂറിസം കേന്ദ്രമാക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതി, ടൂറിസം വകുപ്പ്, ജൈവവൈവിധ്യ ബോർഡ്, പഞ്ചായത്ത്, എംപി ഫണ്ട് എന്നിവ ചേർന്നുള്ള രണ്ട് കോടിയോളം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. അടുത്ത ഘട്ടമായി സോളർ വിളക്കുകളും തടാക ശുചീകരണത്തിനുള്ള ജൈവവൈവിധ്യ ബോർഡിന്റെ പദ്ധതിയും നടപ്പാക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
ഒരു കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി
എൻആർഇജിഎസ് ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപയുടെ പദ്ധതിയിൽ കായൽ ബണ്ട് വെട്ടിത്തെളിച്ചു കയർഭൂവസ്ത്രം വിരിക്കും. തറയോട് പാകി നടപ്പാത ഒരുക്കി കായൽക്കാറ്റ് ആസ്വദിക്കാൻ ഇരിപ്പിടങ്ങളും ലഘുഭക്ഷണം ഉറപ്പാക്കുന്ന കുടിലുകളും സ്ഥാപിക്കും. കല്ലടയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പദ്ധതി നിർവഹണത്തിന്റെ ചുമതല.
വൈദ്യുത ബോട്ടുകളും സിസിടിവി ക്യാമറകളും
രാജ്യസഭാംഗമായിരുന്ന കെ.സോമപ്രസാദിന്റെ ഫണ്ടിൽ നിന്നുള്ള 35 ലക്ഷം രൂപയുടെ പദ്ധതിയിൽ കായൽ ബണ്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. തടാകം ചുറ്റിക്കാണാൻ ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയുടെ പദ്ധതിയിൽ വൈദ്യുത ബോട്ടുകളും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കും. പഞ്ചായത്ത് ഫണ്ടിൽ നിന്ന് അലങ്കാര വിളക്കുകളും സിസിടിവി കൺട്രോൾ റൂമും സ്ഥാപിക്കും.
പദ്ധതിക്കു തുടക്കമായി
പടിഞ്ഞാറെ കല്ലട പഞ്ചായത്തും വിവിധ സർക്കാർ വകുപ്പുകളും എംപി ഫണ്ടും ചേർന്നുള്ള സമഗ്ര ടൂറിസം പദ്ധതിയുടെ നിർമാണ ഉദ്ഘാടനം മുൻ രാജ്യസഭാംഗം കെ.സോമപ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി പ്രസംഗിച്ചു.