13 പെൺകുട്ടികൾ അടങ്ങുന്ന സ്കൗട്ട് സ്റ്റുഡൻസ് രാത്രി വനത്തിൽ കുടുങ്ങി; സുരക്ഷ നൽകിയില്ല?
Mail This Article
അച്ചൻകോവിൽ ∙ വനസഞ്ചാരത്തിന് ഉൾവനത്തിൽ കയറിയ പെൺകുട്ടികൾ അടങ്ങുന്ന സ്കൗട്ട് സ്റ്റുഡന്റ്സിലെ 30 അംഗ സംഘം കനത്ത മഴയെ തുടർന്നു പുറത്തിറങ്ങാനാകാതെ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ കോട്ടവാസൽ പുൽമേട് വനത്തിൽ കുടുങ്ങി. രാത്രി വൈകി സുരക്ഷിതമായി ഇവരെ കാടിനു പുറത്തു കോട്ടവാസലിൽ എത്തിച്ചു.
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. കുംഭാവുരുട്ടി വനത്തിലെ കോട്ടവാസൽ ജണ്ടപ്പാറ ഭാഗത്തുനിന്നു ട്രക്കിങ്ങിനു പോയ, കരുനാഗപ്പള്ളിയിൽ നിന്നുള്ള 13 പെൺകുട്ടികൾ അടങ്ങുന്ന സംഘമാണു കനത്ത മഴയെ തുടർന്നുണ്ടായ മൂടൽമഞ്ഞിലും കൂരിരുട്ടിലും അകപ്പെട്ടു വനത്തിനു പുറത്തിറങ്ങാനാകാതെ കുടുങ്ങിയത്.
അച്ചൻകോവിൽ പൊലീസ് കുട്ടികളുടെ മൊഴിയെടുത്തു ശേഷം അച്ചൻകോവിലിലേക്ക് എത്തിച്ചു. ആർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണു സൂചന. കുട്ടികളുടെ സംഘത്തിൽ മതിയായ അധ്യാപകർ ഇല്ലായിരുന്നെന്നും 2 വനംവാച്ചർമാരുടെ സഹായത്തോടെയാണ് ഉൾവനത്തിലെത്തിയതെന്നുമാണു വിവരം. അച്ചൻകോവിൽ വനം പ്രകൃതി ക്യാംപിനു സൗകര്യമില്ലാത്തയിടമാണ്. ക്യാംപിനു കൊണ്ടു പോകുന്ന കുട്ടികളുടെ സംഘത്തിന് ആയുധധാരികളായ വനപാലകരുടെ സുരക്ഷ നൽകണമെന്നും വ്യവസ്ഥയുണ്ട്.
കോട്ടവാസൽ പുൽമേട് വനം തമിഴ്നാട് വനമേഖലയുമായി അതിർത്തി പങ്കിടുന്ന മേഖലയാണ്. വനംവകുപ്പിന്റെ പ്രത്യേകാനുമതി ഇല്ലാതെ വനപാലകരിൽ ചിലരുടെ മൗനാനുവാദത്തോടെയാണു മതിയായ സുരക്ഷാ ജീവനക്കാരില്ലാതെ വനത്തിൽ പോയതെന്ന് ആരോപണമുണ്ട്. എന്നാൽ, ക്യാംപിന് അനുമതി തേടിയിരുന്നതായും ഇതിനു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നെന്നും കനത്ത മഴയായതിനാൽ പെട്ടെന്നുണ്ടായ കോടമഞ്ഞിലും ഇരുട്ടിലും അകപ്പെട്ടതാണു സംഭവത്തിനു കാരണമെന്നും അച്ചൻകോവിൽ വനം അധികൃതർ അറിയിച്ചു.