ADVERTISEMENT

പരവൂർ ∙ ആരോഗ്യവകുപ്പിന്റെ  മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയതിനാൽ രോഗികൾക്ക് ഉപകാരപ്പെടാതെ പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം. നഗരസഭയുടെ മുൻ ഭരണസമിതിയുടെ കാലത്ത് നിർമാണം പൂർത്തിയായ കെട്ടിടമാണ് ജനത്തിന് ഉപയോഗമില്ലാതെ ഒന്നര വർഷക്കാലമായി അടഞ്ഞു കിടക്കുന്നത്. നിലവിലെ കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ജീവനക്കാരുടെ കുറവും കാരണം വലയുകയാണ് രോഗികൾ. ഒപിയിൽ ഇരുനൂറിലേറെ രോഗികളെത്തുന്ന ആശുപത്രിയിൽ നിന്നുതിരിയാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.

ആരോഗ്യ വകുപ്പിന്റെ ആർദ്രം പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യ സജ്ജീകരണങ്ങൾ ഏർപ്പെടുത്താത്തതു കാരണമാണ് പുതിയ കെട്ടിടം തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്തത്.  നെബുലൈസേഷൻ കേന്ദ്രം, ഫാർമസി മുറി, ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള ഡ്രസിങ് റൂം, റാംപ്, ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവയാണ് ആർദ്രം പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ. ഇവയുടെ നിർമാണത്തിനായി നഗരസഭ 7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.

നഗരസഭ പ്ലാനിങ് വിഭാഗം തയാറാക്കിയ പദ്ധതി 1 കോടി രൂപ നിർമാണ ചെലവിൽ 4 വർഷം മുൻപാണ് കെട്ടിട നിർമാണം ആരംഭിച്ചത്. കെട്ടിടത്തിന് ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിക്കാൻ ജില്ല ആരോഗ്യ കേന്ദ്രത്തെ സമീപിച്ചപ്പോഴാണ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം അനുമതി നിഷേധിച്ചത്.  തീരദേശ മേഖലയിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുമ്പോഴാണു പുതിയ കെട്ടിടം ഉപയോഗിക്കാനാകാതെ കിടക്കുന്നത്. ആർദ്രം പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തി ആശുപത്രി കെട്ടിടം എത്രയും വേഗം പൊതുജനത്തിന് തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com