ADVERTISEMENT

പത്തനാപുരം ∙ ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കാൻ ടൗണിലെ പ്രധാന ജംക്‌ഷനുകളിൽ ഡിവൈഡറുകൾ സ്ഥാപിച്ചു ഗതാഗതം ക്രമീകരിക്കുന്നു. പത്തനാപുരം – വാളകം ശബരി ബൈപാസ് തുടങ്ങുന്ന സെൻട്രൽ ജംക്‌ഷൻ, കായംകുളം റോഡിലേക്കു തിരിയുന്ന കല്ലുംകടവ് എന്നിവിടങ്ങളിലാണ് കോൺക്രീറ്റ് സ്‌ലാബ് സ്ഥാപിച്ചു ഗതാഗതം ക്രമീകരിക്കുന്നത്. നിലവിൽ ഒരു മുന്നറിയിപ്പു ബോർഡുമില്ലാതെ ഏതു ഭാഗത്തു നിന്നും വാഹനങ്ങൾ വരികയും പോകുകയും ചെയ്യുന്നതു വഴി അപകടങ്ങൾ കൂട്ടിയിരിക്കുകയാണ് ഇവിടെ. ശബരിമല തീർഥാടകരുടെ ബസ് 3 ദിവസം മുൻപ് രാത്രിയിൽ സെൻട്രൽ ജംക്‌ഷനിൽ അപകടത്തിൽപ്പെട്ടിരുന്നു.

തീർഥാടന കാലം തുടങ്ങിയതോടെ രാത്രിയും പകലും ടൗൺ ഗതാഗതക്കുരുക്കിലാണ്. ചില ദിവസങ്ങളിൽ മണിക്കൂറുകളോളം ആണ് കുരുക്ക്.  നിർമാണം നടക്കുന്ന ഏനാത്ത് – പത്തനാപുരം റോഡ് വന്നു കയറുന്ന നടുക്കുന്ന്, കമുകുംചേരി – മുക്കടവ്, പുന്നല – അച്ചൻകോവിൽ റോഡുകൾ സന്ധിക്കുന്ന പള്ളിമുക്ക്, നെടുംപറമ്പ് ജംക്‌ഷൻ, ആശുപത്രി ജംക്‌ഷൻ, ജനതാ ജംക്‌ഷൻ എന്നിവിടങ്ങളിലും സ്‌ലാബ് സ്ഥാപിച്ചോ മുന്നറിയിപ്പ് ബോർ‌ഡുകൾ സ്ഥാപിച്ചോ ഗതാഗതം ക്രമീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പുനലൂർ – മുവാറ്റുപുഴ റോഡ് നവീകരിച്ചതോടെ അമിത വേഗത്തിലാണ് വാഹനങ്ങൾ ഇതുവഴി പോകുന്നത്.

കലഞ്ഞൂർ – പാടം റോഡിൽ മണക്കാട്ടപുഴ വളവിൽ 
അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തകർത്ത മതിൽ.
കലഞ്ഞൂർ – പാടം റോഡിൽ മണക്കാട്ടപുഴ വളവിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തകർത്ത മതിൽ.

ഇടവഴികളിൽ നിന്നു കയറി വരുന്ന വാഹനങ്ങൾക്കു പ്രധാന റോഡിലേക്കിറങ്ങി വശത്തൂടെ കയറാൻ വഴിയില്ലാത്തതിനാലാണ് അപകടസാധ്യത വർധിക്കുന്നത്. മാത്രവുമല്ല, പള്ളിമുക്ക് മുതൽ കല്ലുംകടവ് വരെ ഇതുവരെയും രണ്ടാം ഘട്ട ടാറിങ് പൂർത്തിയായിട്ടില്ല. തെരവുവിളക്കുകളും ഇതുവരെ കത്തിച്ചു തുടങ്ങിയിട്ടില്ല. രാത്രി വൈകിയയാൽ ടൗൺ പൂർണമായും ഇരുട്ടിലാണ്. രാത്രിയിലെത്തുന്ന യാത്രക്കാർ ഇതോടെ ദുരിതത്തിലായി. ഇതോടൊപ്പം തെരുവുനായ ശല്യവും ശക്തമാണ്. ഇരുട്ടത്തു മറഞ്ഞിരിക്കുന്ന നായ്ക്കൾ എപ്പോഴാണ് യാത്രക്കാർക്കു മുന്നിലേക്കു ചാടി വീഴുകയെന്നു പറയാൻ കഴിയില്ല.

അപകടക്കെണി ആകുന്ന അമിതവേഗം
പത്തനാപുരം ∙ ഇറക്കവും വളവും... എന്നിട്ടും അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ. നിയന്ത്രിക്കാൻ നടപടിയില്ലാതായതോടെ മണക്കാട്ടുപുഴ ജംക്‌ഷൻ അപകടമേഖലയാകുന്നു. കഴി‍ഞ്ഞ ദിവസം മാങ്കോട് നിന്നു കലഞ്ഞൂർ ഭാഗത്തേക്കു വന്ന കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്തതാണ് ഒടുവിലത്തെ സംഭവം. മതിലിൽ തട്ടിയതോടെ കാർ ഇടതുവശത്തേക്ക് വെട്ടിച്ചു മാറ്റിയതിനാൽ കാർ യാത്രക്കാരായ കുഞ്ഞും മാതാപിതാക്കളും തലനാരിഴയ്ക്കു രക്ഷപ്പെട്ടു.

മറിച്ചായാൽ താഴ്ചയുള്ള വീടിന്റെ മുറ്റത്തേക്കു കാർ മറിയുകയും വലിയ ദുരന്തമാകുകയും ചെയ്തേനെ.   കലഞ്ഞൂർ–മാങ്കോട്–പാടം പാതയിലാണ് ഈ അപകട വളവ്. മുള്ളൂർ നിരപ്പ് മുതൽ മണക്കാട്ടുപുഴ വരെ കുത്തനെയുള്ള ഇറക്കമാണ്. ശേഷം വളവു തിരിഞ്ഞു വേണം വട്ടക്കാവ് ഭാഗത്തേക്കുള്ള കയറ്റം കയറാൻ. മഴ പെയ്തു കിടക്കുകയാണെങ്കിൽ തെന്നി മാറാനുള്ള സാധ്യതയും ഏറെയാണ്. റോഡു വശത്ത് ബാരിക്കേഡ് സ്ഥാപിക്കുകയോ മുന്നറിയിപ്പു ബോർഡുകൾ വയ്ക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com