ഗ്രീൻഫീൽഡ് ഹൈവേ: തടസ്സമാകുന്നത് ഭൂമി ഏറ്റെടുക്കുന്നതിലെ വീഴ്ചയെന്ന് ഗഡ്കരി
Mail This Article
കൊല്ലം ∙ ദേശീയപാത 744 കടമ്പാട്ടുക്കോണം ഇടമൺ ഗ്രീൻഫീൽഡ് ഹൈവേ നിർമാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കാലതാമസം മൂലം നീണ്ടു പോകുകയാണെന്ന് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അറിയിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ നൽകേണ്ട 25% ഭൂമി വിലയിൽ നിന്നും ഇളവ് നൽകണമെന്ന് കേരള സർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണവുമായി ബന്ധപ്പെട്ട് ജിഎസ്ടി, റോയൽറ്റി എന്നിവയിൽ ഇളവ് നൽകണമെന്ന ആവശ്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്നും സംസ്ഥാന സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി എംപിയെ അറിയിച്ചു.
ദേശീയപാത 66 ലെ മങ്ങാട് മേഖലയിൽ ആമ്പനാട്, നീണ്ടകരയിലെ വേട്ടുതറ, പരിമണം ഇടപ്പള്ളികോട്ട അടിപ്പാതകളും അയത്തിൽ മേൽപാലം സംബന്ധിച്ച ആവശ്യവും പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അംഗത്തെ മന്ത്രി ചുമതലപ്പെടുത്തി.
കേരളത്തിൽ നിന്ന് പുതിയതായി 471 അടിപ്പാത നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഓരോ അര കിലോമീറ്ററിലും അടിപ്പാത എന്ന നിർദേശമാണ് കേരളത്തിൽ നിന്നും ഉയർന്നുവരുന്നത്. നിലവിലെ സാഹചര്യത്തിൽ ആവശ്യം പൂർണമായും അംഗീകരിക്കുന്നത് പ്രായോഗികമല്ല. എന്നാൽ കൊല്ലത്തെ സംബന്ധിച്ച് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ പരിഗണനയിലാണെന്നും മന്ത്രി എംപിക്ക് ഉറപ്പ് നൽകി.