‘തവിടൻ പ്രാവി’നെ കൊല്ലത്ത് കണ്ടെത്തി; പ്രത്യേകതകൾ ഇവ..
Mail This Article
കൊല്ലം ∙ ഫാത്തിമ മാതാ നാഷനൽ കോളജിന് മുന്നിൽ ‘തവിടൻ പ്രാവി’നെ(ലാഫിങ് ഡവ്) കണ്ടെത്തി. ജില്ലയിൽ നിന്നു കണ്ടെത്തുന്ന 374–ാമത് പക്ഷിയിനമാണിത്. കോളജിനു മുന്നിൽ റെയിൽ പാതയ്ക്ക് മുകളിലെ വൈദ്യുത കമ്പിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് പക്ഷി നിരീക്ഷകയും ഫാത്തിമ കോളജിലെ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറുമായ ഡോ. പി.ജെ.സർളിൻ പക്ഷിയെ കണ്ടെത്തിയത്. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്ക് എന്നിവിടങ്ങളിൽ കാണപ്പെടുന്ന തവിടൻ പ്രാവിനെ തെക്കൻ ജില്ലകളിൽ ആദ്യമായാണ് കാണുന്നതെന്ന് ഇ ബേർഡ് പ്ലാറ്റ്ഫോം എഡിറ്റർ ഡോ. ജിഷ്ണു പറഞ്ഞു.
നീണ്ട വാലുള്ള മെലിഞ്ഞ തവിടൻ പ്രാവിന് 25 സെന്റീമീറ്റർ ആണ് നീളം. വാലിന് ഏറെക്കുറെ കറുപ്പു നിറമാണ്. കഴുത്തിനും തലയ്ക്കും നരച്ച പിങ്ക് നിറം. ദേഹം നരച്ച തവിട്ടു നിറമാണ്. നെഞ്ചിൽ കറുത്ത പുള്ളികളുണ്ട്. കാലുകൾക്ക് പിങ്ക് നിറം, കൊക്കിനും കണ്ണിനും കറുപ്പു നിറം. പൂവനും പിടയും കാഴ്ചയിൽ വ്യത്യാസമില്ല. തമിഴ്നാട്ടിലും കൊച്ചിയിലും തവിടൻ പ്രാവിനെ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ 550ൽ ഏറെ പക്ഷി ഇനങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. തൃശൂർ, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ ഇനങ്ങൾ. പക്ഷികളുടെ സഞ്ചാര പാതയ്ക്ക് (ഫ്ലൈ വേ) പുറത്താണ് കൊല്ലം ജില്ല.