ആർപ്പോ...അഷ്ടമുടി
Mail This Article
കൊല്ലം ∙ അഷ്ടമുടിക്കായലിൽ ഇന്നു ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും. സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. ഇന്നലെ വൈകിട്ട് വ്യോമസേനയുടെ എയർ ഷോ നടന്നു. 4 ഹെലികോപ്റ്ററുകൾ ചേർന്ന് 15 മിനിറ്റ് എയർ ഷോ നടത്തി. ഇന്നും ജലോത്സവത്തിനിടെ വ്യോമസേനാ ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനം നടക്കും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും കരിമരുന്ന് പ്രയോഗവും ഉണ്ടാകും.
ജലോത്സവത്തിന്റെ ട്രാക്ക് നിർമാണം പൂർത്തിയായി. 3 ട്രാക്കാണ് തയാറാക്കിയിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളെത്തി. ഇരുട്ടുകുത്തി, തെക്കനോടി എന്നീ ചെറുവള്ളങ്ങൾ ഇന്ന് രാവിലെയെത്തും. എസിപി എ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. വിദ്യാർഥികളുടെ വഞ്ചിപ്പാട്ട് മത്സരം നടത്തി. കൾചറൽ കമ്മിറ്റി ചെയർമാൻ ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജലോത്സവത്തിലൽ 9 ചുണ്ടൻ വള്ളങ്ങളും 9 ചെറു വള്ളങ്ങളുമാണു പങ്കെടുക്കുന്നത്. സിബിഎൽ ചാംപ്യൻഷിപ്പിന്റെ ഭാഗമായി നടന്ന 12 മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന ചുണ്ടൻ വള്ളത്തിന് 25 ലക്ഷം രൂപയും സിബിഎൽ ട്രോഫിയും നൽകും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15, 10 ലക്ഷം രൂപ വീതം ലഭിക്കും. കൊല്ലത്ത് ഒന്നാമതെത്തുന്ന ചുണ്ടൻവള്ളത്തിന് പ്രസിഡന്റ്സ് ട്രോഫിയും ആർ.ശങ്കർ മെമ്മോറിയിൽ എവർ റോളിങ് ട്രോഫിയും 5 ലക്ഷം രൂപയും സമ്മാനം നൽകും.
എയർഷോ
ജലോത്സവത്തോട് അനുബന്ധിച്ചുവ്യോമസേന ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനം നടക്കും. 2.45 മുതൽ 3.15 വരെയാണ് എയർഷോ.
ഗതാഗത നിയന്ത്രണം
നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം എർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ അറിയിച്ചു. ഉച്ചയ്ക്ക് 12ന് ശേഷം താലൂക്ക് ഓഫിസ് ജംക്‌ഷനിൽ നിന്ന് ലിങ്ക് റോഡ് ഭാഗത്തേക്കും ക്രൈംബ്രാഞ്ച് ജംക്‌ഷനിൽ നിന്ന് ലിങ്ക് റോഡ് ഭാഗത്തേക്കും കെഎസ്ആർടിസി ബസുകൾക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. വള്ളം കളി കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ ആശ്രാമം മൈതാനത്ത് പാർക്ക് ചെയ്യണം.
ജലോത്സവം: സമയക്രമീകരണം
2 മണി: മാസ് ഡ്രിൽ, 2.15: ഉദ്ഘാടനം, 2.45: എയർ ഷോ, 3.15; ഹീറ്റ്സ്– 1 (ചുണ്ടൻ), 3.20: ഹീറ്റ്സ്–2 (ചുണ്ടൻ), 3.25: ഹിറ്റ്സ്– 3 (ചുണ്ടൻ), 3.30: ഇരുട്ടുകുത്തി എ ഗ്രേഡ്–ഹീറ്റ്സ്. 3.35: ഇരുട്ടുകുത്തി ബി ഗ്രേഡ്–ഹീറ്റ്സ്, 3.40: വനിതകൾ തുഴയുന്ന തെക്കനോടി– ഹീറ്റ്സ് ആൻഡ് ഫൈനൽ. 3.45: ഇടവേള , കലാപരിപാടികൾ. 4.30: ഇരുട്ടുകുത്തി ബി ഗ്രേഡ് ഫൈനൽ, 4.35; ഇരുട്ടുകുത്തി എ ഗ്രേഡ് ഫൈനൽ, 4.45: ഒന്നാം ലൂസേഴ്സ് (ചുണ്ടൻ). 4.50: രണ്ടാം ലൂസേഴ്സ് (ചുണ്ടൻ),. 4.55– ഫൈനൽ. 5.00: സമ്മാനദാനം.