ADVERTISEMENT

ചാത്തന്നൂർ ∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ, കുട്ടിയുടെ സ്കൂൾ ബാഗ് കത്തിച്ചുകളഞ്ഞതിന്റെ അവശിഷ്ടങ്ങൾ പ്രതികളുടെ വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിത കുമാരി ( 39), മകൾ പി.അനുപമ (21) എന്നിവരുമായി റൂറൽ ക്രൈംബ്രാഞ്ച് സംഘം ഇവരുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിലാണ് ബാഗ് കത്തിച്ചതിന്റെ ചാരവും മറ്റും കണ്ടെത്തിയത്. കത്തിക്കുന്നതിന് ഉപയോഗിച്ചതെന്നു കരുതുന്ന ഇന്ധനത്തിന്റെ ശേഷിച്ച ഭാഗവും കുപ്പിയും കണ്ടെടുത്തു.

കുട്ടിയെ തട്ടിക്കൊണ്ടു വന്ന കാറിന്റെ മുൻസീറ്റിന്റെ പിൻഭാഗത്ത് ചെളി പുരണ്ടിരുന്ന ഭാഗം ശാസ്ത്രീയ തെളിവു ശേഖരിക്കുന്നതിനു മുറിച്ചെടുത്തു. തട്ടിയെടുത്തു കടന്നു കളയുന്നതിനിടെ പെൺകുട്ടി കാറിന്റെ മുൻസീറ്റിന്റെ പിന്നിൽ ശക്തമായി ചവിട്ടിയപ്പോൾ മണ്ണും ചെളിയും പുരണ്ടതാകാമെന്നാണ് നിഗമനം. സീറ്റിൽ പറ്റിപ്പിടിച്ചിരുന്ന മണ്ണ് കുട്ടിയെ തട്ടിയെടുത്ത ഓട്ടുമലയിലെ മണ്ണിന്റെ ഘടനയുമായി താരതമ്യം ചെയ്യുന്നതിനു വേണ്ടിയാണു റെക്സിൻ മുറിച്ചെടുത്തത്. കാറിൽ നിന്നും വീട്ടിൽ നിന്നും ആറു വയസ്സുകാരിയുടെ വിരലടയാളങ്ങളും ലഭിച്ചെന്നാണു സൂചന.

കയ്യക്ഷരം തിരിച്ചറിയുന്നതിനായി അനുപമയുടെ ബുക്കുകൾ, ഡയറികൾ എന്നിവ ശേഖരിച്ചു. തടവിൽ പാർപ്പിക്കുമ്പോൾ കുട്ടിക്കു കളിക്കാൻ നൽകിയ കളിപ്പാട്ടങ്ങളും തെളിവായി ശേഖരിച്ചു. കിടപ്പുമുറിയിലും ഹാളിലുമായാണ് കുട്ടിയെ പാർപ്പിച്ചതെന്നു പ്രതികൾ അന്വേഷണ സംഘത്തോടു പറ‍ഞ്ഞു. ഈ ഭാഗങ്ങളുടെ ഉൾപ്പെടെ വിശദ മഹസർ തയാറാക്കി. നാലായിരം ചതുരശ്ര അടിയോളം വിസ്തൃതി വരുന്ന വീട്ടിൽ ഫൊറൻസിക്, വിരലടയാള വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം സംഘം തെളിവെടുത്തത്. മീനാട് വില്ലേജ് ഓഫിസർ എസ്.സുനിൽ കുമാർ, ചിറക്കര വില്ലേജ് ഓഫിസർ സിന്ധു എന്നിവരും ഉണ്ടായിരുന്നു. 

തെളിവെടുപ്പ് നാലര മണിക്കൂർ നീണ്ടു. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം രാവിലെ 10.30 ന് ആണ് പ്രതികളുമായി വീട്ടിൽ എത്തുന്നത്. പൊലീസ് വാനിൽ നിന്ന് ആദ്യം പത്മകുമാറിനെ പുറത്തിറക്കി. ഗേറ്റ് തുറന്നു കയറിയതിനു പിന്നാലെ അനിതകുമാരി, അനുപമ എന്നിവരെയും പുറത്തിറക്കി. ഇരുവരും ഷാൾ ഉപയോഗിച്ചു മുഖം മറച്ചിരുന്നു. വീടിന്റെ മുന്നിലെ വാതിൽ ഒഴിവാക്കി വശത്തുളള വാതിലൂടെയാണ് അകത്തു പ്രവേശിച്ചത്. 3 മണിക്കാണ് വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായത്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം കാർ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി.  വീടിന്റെ 50 മീറ്റർ മാറി റോഡിൽ വടം കെട്ടിയാണ് പൊലീസ് ജനങ്ങളെ നിയന്ത്രിച്ചത്.

കടയുടമ പത്മകുമാറിനെ തിരിച്ചറിഞ്ഞു
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി വേറെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച സ്ഥലത്ത് പ്രതികളെ കൊണ്ടു വന്നു തെളിവെടുത്തു. ദേശീയപാതയിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനു സമീപം വച്ചു കാറിന്റെ നമ്പർ മാറ്റിയെന്നാണ് പ്രതികൾ പറയുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ടു പെൺകുട്ടിയുടെ അമ്മയെ വിളിക്കാൻ ചെന്ന പാരിപ്പള്ളി കിഴക്കനേലയിലെ തട്ടുകടയിലും എത്തിച്ചു തെളിവെടുത്തു. കട ഉടമ ഗിരിജ, പത്മകുമാറിനെ തിരിച്ചറിഞ്ഞു. ചാത്തന്നൂർ എസിപി ബി.ഗോപകുമാർ, പരവൂർ, പാരിപ്പള്ളി ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം തെളിവെടുപ്പ് സ്ഥലങ്ങളിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com