ADVERTISEMENT

കൊല്ലം ∙ അഷ്ടമുടിക്കായലിലെ ഓളപ്പരപ്പിൽ ആവേശം നിറച്ച ജലോത്സവത്തിൽ പ്രസിഡന്റ്സ് ട്രോഫിയും നേടി പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) മൂന്നാം സീസണിലും ചാംപ്യൻസ് ബോട്ട് ലീഗ് ചാംപ്യൻമാരായി ഹാട്രിക് തികച്ചു. ഇന്നലെ സിബിഎൽ ഗ്രാൻഡ് ഫിനാലെയിൽ വിജയിച്ച് 116 പോയിന്റോടെ മുന്നിലെത്തിയ പിബിസി വീയപുരം ചുണ്ടനിലാണു വിജയം തുഴഞ്ഞെടുത്തത്. നടുഭാഗം, കാട്ടിൽ തെക്കതിൽ ചുണ്ടനുകൾ തുഴഞ്ഞാണ് കഴിഞ്ഞ 2 തവണ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ജേതാക്കളായത്. സിബിഎലിൽ 12 മത്സരങ്ങളിൽ നിന്നു 109 പോയിന്റ് നേടിയ കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗം രണ്ടാം സ്ഥാനവും 89 പോയിന്റുമായി കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ മൂന്നാം സ്ഥാനവും നേടി. 

പോയിന്റ് നിലയിൽ മുന്നിൽ നിന്ന വീയപുരം ചുണ്ടൻ സിബിഎൽ ഗ്രാൻഡ് ഫിനാലെയിലും ഒന്നാമത് എത്തിയതോടെയാണ് (4.18.96 മിനിറ്റ്) പ്രസിഡന്റ്സ് ട്രോഫിയും ലഭിച്ചത്. രണ്ടാമതെത്തിയ മഹാദേവിക്കാട് കാട്ടിൽ തെക്കതിലിന് (4.19.83 മിനിറ്റ്) ആണ് പ്രസിഡന്റ്സ് ട്രോഫിയിൽ രണ്ടാം സ്ഥാനം. പുന്നമട ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ മൂന്നാം സ്ഥാനം നേടി – 4.22.83 സെക്കൻഡ്. ഹീറ്റ്സിലും ഈ വള്ളങ്ങൾ തമ്മിലായിരുന്നു മത്സരം. ഒരു സെക്കൻഡിൽ താഴെ വ്യത്യാസത്തിലാണ് 3 വള്ളങ്ങളും ഹീറ്റ്സിൽ ഫിനിഷ് ചെയ്തത്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച 3 വള്ളങ്ങൾ ആയിരുന്നു ഫൈനലിൽ മത്സരിച്ചത്.ലൂസേഴ്സ് ഫൈനലിൽ 4.11.85 മിനിറ്റിൽ ഫിനിഷ് ചെയ്ത കൈനകരി യൂണൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ ആണ് മത്സരത്തിൽ മികച്ച സമയം കുറിച്ചത്.എൻ.കെ. പ്രേമചന്ദ്രൻ എംപി ജലോത്സവം ഉദ്ഘാടനം ചെയ്തു. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.

മറ്റു വിജയികൾ:
ഇരുട്ടുകുത്തി–എ: 1.
മൂന്നു തെക്കൻ (വടക്കുംതല യുവസാരഥി ബോട്ട് ക്ലബ്. 4.40.03 മിനിറ്റ്). 2. മാമൂടൻ ( മൺറോത്തുരത്ത് ഫീനിക്സ്–4.40.59), 3. തുരുത്തിക്കര (പട്ടംതുരുത്ത് കൺട്രാംകാണി ബോട്ട് ക്ലബ്– 4.41.98)

ഇരുട്ടുകുത്തി –ബി: 1. ഡാനിയൽ (ഹരിപ്പാട് പായിപ്പാട് ബ്രദേഴ്സ് ബോട്ട് ക്ലബ്– 5.11. 83), 2. കുറുപ്പുപറമ്പൻ (തകഴി കേരളമംഗലം ബോട്ട് ക്ലബ്– 5.17.21), 3. ജലറാണി( തിരുവല്ല അമിച്ചക്കരി ബോട്ട് ക്ലബ് –5.17.74).

തെക്കനോടി (വനിത): 1. ദേവാസ് ( ചെ ഗുവാര ബോട്ട് ക്ലബ് ആലപ്പുഴ– 5.39.90), 2.സാരഥി (തൃക്കുന്നപ്പുഴ വലിയപറമ്പ് –6.08.24), 3. കാട്ടിൽ തെക്കതിൽ (സംഗീത ബോട്ട് ക്ലബ് ആലപ്പുഴ– 6.26.16).

സംഘാടനം പാളി; പകിട്ട് മങ്ങി
കൊല്ലം ∙ ജില്ല ആഘോഷമാക്കി മാറ്റിയിരുന്ന അഷ്ടമുടിക്കായലിലെ ജലോത്സവത്തിന്റെ പകിട്ട് മങ്ങി. സംഘാടനം പാളിയതോടെ കാണികൾ നാമമാത്രമായി. വള്ളംകളി കാണാൻ എത്തിയ വിദേശികളും പേരിന്. ടൂറിസം വളർത്താനെന്ന പേരിൽ ആരംഭിച്ച സിബിഎലിന്റെ ഫൈനൽ അങ്ങനെ നനഞ്ഞമട്ടായി. വള്ളം കളി കാണാൻ എത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ജില്ലാ ടൂറിസം ഡവലപ്മെന്റ് ഓഫിസിനു മുന്നിൽ പന്തൽ കെട്ടി ഇരിപ്പിടം ഉൾപ്പെടെ വിപുലമായ സൗകര്യം ഒരുക്കാറുണ്ടെങ്കിലും ഇത്തവണ വെള്ളത്തിൽ വീഴാതിരിക്കാൻ ബാരിക്കേഡ് പോലും കെട്ടിയില്ല. 

രണ്ടുമണിക്കു മുൻപ് എത്തിയ സ്ത്രീകളും കുട്ടികളെ വയോധികരും ഉൾപ്പെടെ മണിക്കൂറുകളോളം നിൽക്കേണ്ടി വന്നു.പല പരിപാടികളും വഴിപാടു പോലെയായി. വേണ്ടത്ര പ്രചാരണമോ തയാറെടുപ്പോ ഇല്ലാതിരുന്നതിനാൽ വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോലും ആരും ഉണ്ടായില്ല. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒട്ടേറെ ക്ലബ്ബുകൾ കലാപരിപാടികളുമായി ജലോത്സവം ആഘോഷമാക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ ‘ ഇറക്കുമതി’ ചെയ്ത പരിപാടികളിൽ ജലോത്സവം ഒതുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com