അക്ഷരങ്ങൾ മാഞ്ഞു, ഒരു സൂചനയും നൽകാതെ സൂചന ബോർഡുകൾ; കണ്ണടച്ച് കോർപറേഷൻ അധികൃതർ
Mail This Article
കൊല്ലം∙വാഹനയാത്രികർക്കും ജനങ്ങൾക്കും മനസ്സിലാകാനായി ദേശീയപാതയ്ക്കരികിലും റോഡിന് കുറുകെയും സ്ഥാപിച്ച സൂചന ബോർഡുകളിലെ അക്ഷരങ്ങളെല്ലാം മാഞ്ഞു. കൊല്ലം ടൗണിലും ടൗൺ അതിർത്തികളിലും സ്ഥാപിച്ച ബോർഡുകളിലെ അക്ഷരങ്ങളാണു മാഞ്ഞത്. ഇതു മൂലം ആദ്യമായി ഇതുവഴി വാഹനങ്ങളിൽ കടന്നു വരുന്നവർ റോഡുകൾ എവിടേക്കാണു പോകുന്നതെന്നറിയാതെ ബുദ്ധിമുട്ടുന്നു. ദേശീയ പാതയിലും ലിങ്ക് റോഡിലും സ്ഥാപിച്ച ബോർഡുകളിലെ അക്ഷരങ്ങളാണ് മാഞ്ഞത്. ലിങ്ക് റോഡിലും ടൗൺ ഹാളിന് മുന്നിലും റോഡിന് കുറുകെ കൂറ്റൻ ഇരുമ്പ് തൂണുകളിലാണു ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
മറ്റ് സ്ഥലങ്ങളിൽ റോഡരികിലും ഡിവൈഡറിലുമാണു ഒറ്റത്തൂണിൽ ബോർഡുകൾ നിൽക്കുന്നത്. പച്ച നിറത്തിലെ ബോർഡിൽ വെള്ള അക്ഷരത്തിലാണു സ്ഥലത്തിന്റെ പേര്, കിലോമീറ്റർ,ദിശ എന്നിവ ബോർഡിൽ രേഖപ്പെടുത്തിയിരുന്നത്. കൊല്ലം ടൗണിൽ പ്രധാനമായും ലിങ്ക് റോഡ്, ടൗൺ ഹാളിന് മുൻവശം, ചിന്നക്കട ഹെഡ് പോസ്റ്റ് ഒാഫിസ്, ചിന്നക്കട മേൽപാലം ആരംഭിക്കുന്ന ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിലെ റോഡ് എന്നിവിടങ്ങളിലെ സൂചന ബോർഡുകളിലെ അക്ഷരങ്ങളാണ് മാഞ്ഞത്. 5 വർഷം മുൻപാണ് ഇവ സ്ഥാപിച്ചത്. വെയിലും മഴയുമേറ്റ് മാസങ്ങൾക്കു മുൻപേ ബോർഡുകളിലെ അക്ഷരങ്ങൾ മങ്ങി തുടങ്ങിയിരുന്നു. ഇപ്പോൾ പൂർണമായും ബോർഡിലെ അക്ഷരങ്ങൾ മാഞ്ഞ നിലയിലാണ്. എന്നാൽ കോർപറേഷൻ അധികൃതർ ഇതൊന്നും കണ്ട മട്ടില്ല.