ADVERTISEMENT

ഇന്നു രാത്രി പുതുവർഷം പിറക്കുകയായി... ജില്ലയ്ക്ക് ഈ വർഷം ബാക്കി വയ്ക്കുന്നത് എന്തെല്ലാം... ഒട്ടേറെ പ്രമുഖരുടെ വിയോഗമുണ്ടായ വർഷം കൂടിയാണ് കടന്നു പോകുന്നത്. ഈ വർഷത്തിൽ ജില്ലയിൽ നടന്ന പ്രധാന സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.  

കലക്ടറേറ്റിലെ ബോംബ് ഭീഷണി
ഫെബ്രുവരി 3ന് ഉച്ചയോടെയാണ് ജില്ലാ ആസ്ഥാനമായ കലക്ടറേറ്റിൽ ഭീതി പരത്തി ബോംബ് ഭീഷണിക്കത്ത് കിട്ടിയത്. കലക്ടറേറ്റിലെ 7 ഇടങ്ങളിലായി 2.20നും 2.28നും ഇടയിൽ സ്ഫോടനം ഉണ്ടാവുമെന്നായിരുന്നു ഭീഷണി. ഡോഗ് സ്ക്വോഡും പൊലീസും വിശദ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് കത്ത് അയച്ച സാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ജില്ലാ പഞ്ചായത്തിൽ നേതൃമാറ്റം
മാർച്ച് 10ന് ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സിപിഎമ്മിലെ പി.കെ.ഗോപൻ ചുമതലയേറ്റു. പുതിയ വൈസ് പ്രസിഡന്റായി സിപിഐയിലെ ശ്രീജ ഹരീഷ് ഏപ്രിൽ 12ന് സ്ഥാനമേറ്റു. എൽഡിഎഫിലെ ധാരണപ്രകാരം യഥാക്രമം സാം കെ.ഡാനിയേൽ, സുമ ലാൽ എന്നിവർ രാജി വച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.  

രാഷ്ട്രപതി ജില്ലയിൽ
മാർച്ച് 17ന് ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുർമു കരുനാഗപ്പള്ളി മാതാ അമൃതാനന്ദമയി മഠം സന്ദർശിച്ചു മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. എ.പി.ജെ.അബ്ദുൽ കലാം, റാംനാഥ് കോവിന്ദ് എന്നിവർക്കു ശേഷം മഠം സന്ദർശിക്കുന്ന രാഷ്ടപ്രതിയാണ് ദ്രൗപദി മുർമു. 

തീപിടിത്തം
മാർച്ച് 22ന് അഞ്ചാലുംമൂടിലെ കോർപറേഷന്റെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ഇരുനില കെട്ടിടത്തിൽ തരംതിരിച്ചു സൂക്ഷിച്ചിരുന്ന 50 ടൺ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയിലധികം കത്തിനശിച്ചു. മേയ്17ന് രാത്രി ഉളിയക്കോവിലിലെ സർക്കാർ മരുന്നു സംഭരണ ശാലയിൽ  വൻ തീപിടിത്തമുണ്ടായി. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന എല്ലാ മരുന്നുകളും കത്തിനശിച്ചു. ഏകദേശം 10 കോടിയുടെ നഷ്ടമാണ് ഈ വൻ തീപിടിത്തത്തിലൂടെ ഉണ്ടായത്.ജൂൺ 2ന് പുലർച്ചെ ഓച്ചിറ പഞ്ചായത്ത് ഓഫിസിലുണ്ടായ അഗ്നിബാധയിൽ ഫയലുകളും കംപ്യൂട്ടറും ഫർണിച്ചറുകളുമെല്ലാം കത്തിനശിച്ചു. 

പുതിയ ജില്ലാ കലക്ടറും പൊലീസ് മേധാവിയും
ജില്ലയുടെ കലകട്റായിരുന്ന അഫ്സാന പർവീന് ഭക്ഷ്യസുരക്ഷാ കമ്മിഷണറായി മാറ്റം ലഭിച്ചതോടെ എൻ.ദേവിദാസ് ജില്ലയുടെ പുതിയ കലക്ടറായി. തൃക്കരിപ്പൂർ സ്വദേശിയായ എൻ.ദേവിദാസ് തിരുവനന്തപുരം മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്നു. കൊല്ലം സിറ്റി പൊലീസിന്റെ പുതിയ കമ്മിഷണറായി എറണാകുളം റൂറൽ മേധാവി വിവേക് കുമാറിനെയും എറണാകുളം പൊലീസ് സൂപ്രണ്ട് കെ.എം.സാബു മാത്യുവിനെ കൊല്ലം റൂറലിന്റെ പുതിയ കമ്മിഷണറായും നിയമിച്ചു. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായും റൂറൽ മേധാവി എം.എൽ.സുനിലിനെ തിരുവനന്തപുരം റേഞ്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഓഫിസറായും നിയമിച്ചു.

വന്ദനദാസ് കൊലക്കേസ്
ജില്ലയെ ഈ വർഷം ഞെട്ടിച്ച വന്ദന ദാസ് കൊലപാതകം നടന്നത് മേയ് 10ന് ആണ്. പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിയ അക്രമിയുടെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ  വന്ദന ദാസ് (25) കൊല്ലപ്പെട്ടത്. വെളിയം െചറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപായിരുന്നു പ്രതി. ആരോഗ്യ മേഖലയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വിഷയത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.  

ജി.സന്ദീപ്, ഡോ. വന്ദന ദാസ് (ഫയൽ ചിത്രങ്ങൾ ∙ മനോരമ)
ജി.സന്ദീപ്, ഡോ. വന്ദന ദാസ് (ഫയൽ ചിത്രങ്ങൾ ∙ മനോരമ)

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര
ഈ വർഷം ജൂലൈ 18ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര 19ന് ആണ് ജില്ലയിലൂടെ കടന്നുപോയത്. നിലമേലിൽ, ചടയമംഗലം, ആയൂർ, വാളകം, കൊട്ടാരക്കര, കുളക്കട എന്നീ ഇടങ്ങളിലായിരുന്നു ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഒരുക്കിയിരുന്നത്. വൻ ജനക്കൂട്ടമാണ് ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ എംസി റോഡിൽ തടിച്ചു കൂടിയിരുന്നത്. 

നവകേരള സദസ്സ്
മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമായി നടത്തുന്ന നവകേരള സദസ്സ് ജില്ലയിലെത്തിയത് ഡിസംബർ 18ന് ആണ്. ജില്ലയിലെ 11 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കി 20ന് ജില്ല വിട്ടു. യൂത്ത് കോൺഗ്രസും യുവമോർച്ചയും  പൊലീസുമായും ഡിവൈഎഫ്ഐ പ്രവർത്തകരുമായും ഉണ്ടായ സംഘർഷങ്ങളും കരിങ്കൊടി കാണിക്കലും പരിപാടിയുടെ ശോഭ കുറച്ചു. .

ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ
സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ടാണ് നവംബർ 27ന് വൈകിട്ട് ട്യൂഷന് പോവുകയായിരുന്ന ഓയൂരിലെ ആറു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. ആശങ്കകളുടെ മണിക്കൂറുകൾക്ക് ശേഷം പിറ്റേന്നു ഉച്ചയ്ക്ക് കൊല്ലം നഗരത്തിലെ ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തി. ദിവസങ്ങൾക്കകം ഡിസംബർ ഒന്നിന് കേസിലെ പ്രതികളായ കെ.ആർ.പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ പി.അനുപമ എന്നിവർ പൊലീസ് പിടിയിലായി. 

kr-padmakumar-p-anupama-kollam-child-missing-021201

ജില്ലയുടെ നഷ്ടങ്ങൾ
ഡോ. ജോസഫ് ജി.ഫെർണാണ്ടസ്
കൊല്ലം രൂപത മുൻ അധ്യക്ഷൻ ഡോ. ജോസഫ് ജി.ഫെർണാണ്ടസ് (98) മാർച്ച് 04ന് കാലം ചെയ്തു. 24–ാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം 1978 മുതൽ 2001 വരെ കാൽ നൂറ്റാണ്ടോളം രൂപതയെ നയിച്ചു.  ‌‌

കൊല്ലം സുധി
ജൂൺ 5ന് തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനപകത്തിൽ നടനും മിമിക്രി കലാകാരനുമായി കൊല്ലം സുധി (46) മരിച്ചു. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിക്കുകയായിരുന്നു. 

കെ.രവീന്ദ്രനാഥൻ നായർ
ജൂലൈ 8നാണ് മലയാള സിനിമയിലെ ക്ലാസിക്കുകളായ ഒട്ടേറെ സിനിമകളുടെ നിർമാതാവും പ്രമുഖ കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചത്. വിജയലക്ഷ്മി കാഷ്യൂസ് കമ്പനി ഉടമായിരുന്ന ഇദ്ദേഹം 1967ൽ സ്ഥാപിച്ച ജനറൽ പിക്ചേഴ്സിന്റെ ബാനറിലാണ് മലയാളത്തിലെ സമാന്തര സിനിമയിൽ ചരിത്രം കുറിച്ച ഒട്ടേറെ സിനിമകൾ പിറന്നത്. ജനറൽ പിക്ചേഴ്സ് ആകെ നിർമിച്ച 14 ചിത്രങ്ങളിലൂടെ 18 സംസ്ഥാന, ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ കെ.രവീന്ദ്രനാഥൻ നായർ സ്വന്തമാക്കി. അദ്ദേഹം തന്നെ നിർമിച്ച കൊല്ലത്തെ പബ്ലിക് ലൈബ്രറിയുടെ വളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. 

സഖറിയ മാർ അന്തോണിയോസ്
മലങ്കര ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പൊലീത്ത സഖറിയ മാർ അന്തോണിയോസ് (77) ഓഗസ്റ്റ് 20ന് ആണ്  കാലം ചെയ്തത്. 1991 മുതൽ 2009 വരെ കൊച്ചി ഭദ്രാസനത്തിന്റെയും 2009 മുതൽ 2022 നവംബർ 3ന് ചുമതലകളിൽ നിന്നു വിരമിക്കുന്നത് വരെ കൊല്ലം ഭദ്രാസനത്തിന്റെയും അധ്യക്ഷനായിരുന്നു. 

കുണ്ടറ ജോണി
പ്രശസ്ത ചലച്ചിത്ര താരം കുണ്ടറ ജോണി (70) വിട വാങ്ങുന്നത് ഒക്ടോബർ 17ന് രാത്രിയാണ്. 1979ൽ 23–ാം വയസ്സിൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങി. 

ആർ.രാമചന്ദ്രൻ
നവംബർ 21ന് ആണ് മുൻ എംഎൽഎയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ആർ.രാമചന്ദ്രൻ (71) അന്തരിക്കുന്നത്. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി, എഐവൈഎഫ് ജില്ലാ സെക്രട്ടറി, എൽഡിഎഫ് ജില്ലാ കൺവീനർ, സിപിഐ ജില്ലാ സെക്രട്ടറി, സിഡ്കോ ചെയർമാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി മണ്ഡലത്തിലെ മുൻ എംഎൽഎ ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com