പുനലൂരിൽ പ്രകൃതി ചികിത്സകേന്ദ്രം; സ്ഥല പരിശോധന നടത്തി
Mail This Article
പുനലൂർ ∙ ഭാരതീയ പ്രകൃതിചികിത്സ വകുപ്പിന്റെ നിയന്ത്രണത്തിൽ പുനലൂരിൽ 50 കിടക്കകൾ ഉള്ള പ്രകൃതിചികിത്സ കേന്ദ്രവും യോഗ സെന്ററും ആരംഭിക്കുന്നതിനുള്ള സാധ്യത തെളിയുന്നു. നേരത്തെ ഇതുസംബന്ധിച്ച് പി.എസ്. സുപാൽ എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പ്രകൃതിചികിത്സ വകുപ്പ് ഡയറക്‌ടർ ഡോ.ഡി.സജിത്ത് ബാബു ഉൾപ്പെടെ ഉള്ളവർ പദ്ധതിക്കായി ആവശ്യമായ സ്ഥലം കണ്ടെത്തിയിരിക്കുന്ന വാളക്കോട് വില്ലേജിൽ ആറിന്റെ തീരത്ത് വന്മള ഭാഗത്ത് സ്ഥിതിഗതികൾ വിലയിരുത്തി. ഭാരതീയ ചികിത്സ വകുപ്പിനു നിയന്ത്രണത്തിൽ പുനലൂരിൽ നിലവിൽ പ്രകൃതി ചികിത്സാ കേന്ദ്രവും യോഗ സെന്ററും പ്രവർത്തിക്കുന്നുണ്ട്.
ഈ സെന്ററിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണ് കൂടുതൽ കിടക്കകൾ ഉള്ള പുതിയ കെട്ടിടം ഉൾപ്പെടെ നിർമിച്ച് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തക്ക നിലയിൽ പദ്ധതി ആവിഷ്കരിക്കാൻ നടപടികൾ തുടങ്ങിയത്. ഈ സ്ഥലം നിലവിൽ റവന്യു വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥലം കൈമാറുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നൽകിയാൽ ഉടൻ പദ്ധതി ആരംഭിക്കാൻ കഴിയും എന്ന നിലയിലാണ് ഇന്നലെ ഈ സ്ഥലം സന്ദർശിച്ച ശേഷം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. നഗരസഭ അധ്യക്ഷ ബി.സുജാത, മിഷൻ ഡയറക്ടർ ഡോ.ഡി.സജിത്ത് ബാബു, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സജി, ഡി.ജയനാരായണൻ, ഡോ. ഷൈജു, ഡോ.പൂജ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ബിനോയ് രാജൻ, പി.എസ്.സുപാൽ എംഎൽഎയുടെ പ്രതിനിധി ബി.അജയൻ, വിവിധ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.