കുളത്തൂപ്പുഴയിലെ റോഡുകളിൽ കുരുക്കഴിക്കാൻ ‘വഴി’ വേണം
Mail This Article
കുളത്തൂപ്പുഴ ∙ ശബരിമല തീർഥാടകരുടെ വരവിനു പുറമേ ചരക്കുലോറികളുടെ വരവും വർധിച്ചതോടെ പട്ടണം ഗതാഗതക്കുരുക്കിൽ. തെന്മലയിൽ നിന്നുള്ള തീർഥാടകരുടെ വാഹനങ്ങൾ നിരയായി എത്തുന്നതിനൊപ്പം ചരക്കു ലോറികളുടെ നീണ്ട നിരയും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുകയാണ്. പുനലൂർ വഴി പോകേണ്ട ചരക്കുലോറികൾ നല്ലൊരു പങ്കും തിരുമംഗലം ദേശീയപാതയിലെ തിരക്ക് മറികടക്കാൻ കുളത്തൂപ്പുഴ പാതയിലൂടെ എത്തുന്നതാണു തിരക്കിനു കാരണം.
പട്ടണത്തിലെ തിരക്ക് കുറയ്ക്കാൻ പദ്ധതിയിട്ട ജുമ്അ മസ്ജിദ് റോഡിലെ വൺവേ സമ്പ്രദായം ഉപേക്ഷിച്ചത് തിരിച്ചടിയായി. തെന്മല നിന്നുള്ള വാഹനങ്ങൾ പട്ടണത്തിലെത്താതെ അഞ്ചൽ പാതയിൽ പ്രവേശിക്കാനായിരുന്നു വൺവേയുടെ ലക്ഷ്യം. മലയോര ഹൈവേയിലെ മടത്തറ പാതയിലെ ഗണപതിയമ്പലം കവലയിൽ നിന്ന് സാംനഗർ വഴി അഞ്ചൽ പാതയിലെ പച്ചയിൽക്കടയിൽ എത്താൻ ലക്ഷ്യമിടുന്ന 7.5 കോടിയുടെ റോഡ് പദ്ധതി സർക്കാർ ബജറ്റിൽ 100 രൂപ ടോക്കൺ പദ്ധതിയായി കടന്നു കൂടിയതു മാത്രം മിച്ചം.
ജുമ്അ മസ്ജിദ് കവല മുതൽ സെൻട്രൽ കവല വരെ ഇരുഭാഗത്തും പാർക്കിങ് ഉള്ളതിനാൽ 2 വാഹനങ്ങൾക്ക് ഇരുദിശയിലും കടന്നു പോകാൻ കഴിയില്ല. സെൻട്രൽ കവലയിൽ മടത്തറ, അഞ്ചൽ പാതകളിൽ നിന്നെത്തുന്ന വാഹനങ്ങൾ കുരുക്കിലാകുന്നതോടെ കാര്യങ്ങൾ കൈവിടും. സ്വകാര്യ വാഹനങ്ങൾക്ക് പാർക്കു ചെയ്യാൻ പോലും ഇടമില്ലാതായ പട്ടണത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ നടപടിയില്ല. പൊലീസ്, മരാമത്ത്, പഞ്ചായത്ത് അധികൃതർ നേരത്തെ നടപ്പാക്കിയ ഗതാഗത പരിഷ്കരണം തുടക്കത്തിലെ പാളിയിരുന്നു.
കോവിഡ് കാലം കഴിഞ്ഞതോടെ ഉപയോഗരഹിതമായ പൊതുചന്ത നവീകരിച്ചു പാർക്കിങ് ഏർപ്പെടുത്തിയാൽ ഗുണകരമാകുമെന്നിരിക്കെ ചന്ത ഉപയോഗശൂന്യമായ നിലയിൽ. ചരക്കുലോറികൾക്ക് ഇരുദിശയിലേക്കും കടന്നു പോകുന്ന പാതയുടെ വീതിക്കുറവ് കുരുക്കിന്റെ ആക്കം കൂട്ടുന്നതിനൊപ്പം അപകടഭീഷണിയും വർധിപ്പിക്കുകയാണ്.