ടെക്നോളജി ജർമനിയിൽ നിന്ന് പുറപ്പെട്ടു, പക്ഷേ പത്തനാപുരം – ഏനാത്ത് ഭാഗത്ത് എത്തിയില്ല
Mail This Article
പത്തനാപുരം ∙ ‘ഒരു ടെക്നോളജിയും വേണ്ട സാറേ, ഈ റോഡ് ഒന്ന് പൂർത്തിയാക്കിയാൽ മതിയായിരുന്നു’. പത്തനാപുരം – ഏനാത്ത് റോഡിനെ ആശ്രയിക്കുന്ന നാട്ടുകാരുടെ വിലാപമാണ് ഇത്. ജർമൻ ടെക്നോളജിയിൽ നിർമിക്കുമെന്ന പ്രഖ്യാപനവുമായി ഒരു വർഷം മുൻപ് നിർമാണം തുടങ്ങിയ റോഡാണിത് എങ്ങുമെത്താതെ കിടക്കുന്നത്.
കോൺക്രീറ്റ് മിശ്രിതമായ ആൽപേവ് മിക്സ് ചെയ്തു ടാർ ചെയ്യുന്ന രീതിയാണിത്. നിലവിലുള്ള റോഡ് ഇളക്കി മെഷിനിലൂടെ അരച്ചു കലക്കിയ ശേഷം ആൽപേവ് മിശ്രിതം ഇട്ട് വീണ്ടും അതേ സ്ഥാനത്ത് തന്നെ ഉറപ്പിക്കും. ഏഴു ദിവസത്തിനകം ടാറിങ് നടത്തുന്നതോടെ റോഡ് ടാറിങ് പൂർത്തിയാകും. ഇതാണ് എഫ്ഡിആർ എന്ന പേരിൽ അറിയപ്പെടുന്ന ജർമൻ ടെക്നോളജി. പത്തനാപുരം – ഏനാത്ത് റോഡിൽ ആൽപേവ് മിശ്രിതം ഇട്ട് മാസങ്ങൾക്കു ശേഷമാണ് ടാറിങ് തുടങ്ങിയത്. കനത്ത മഴയിൽ മിശ്രിതം ഒലിച്ചു പോകുകയും റോഡ് നിറയെ ചെളിയായി കുഴികൾ രൂപപ്പെട്ടതു വൻ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
പരസ്യ പ്രതിഷേധത്തിനൊടുവിലാണ് ടാറിങ് തുടങ്ങിയത്. ഇതും മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തിയായില്ല. കിലോമീറ്ററുകൾ വ്യത്യാസത്തിൽ മീറ്റർ കണക്കിനു ദൂരത്തിൽ മാത്രം ടാർ ചെയ്തത് ഒഴിവാക്കിയാൽ മറ്റൊരു നിർമാണവും നടക്കുന്നില്ല. റോഡ് നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ കലുങ്കുകൾക്കും മറ്റുമായി കുഴിച്ച കുഴികൾ അതേപോലെ തുടരുന്നു. ചില കലുങ്കുകളുടെ ഭാഗത്ത് നിർമാണം നടക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്താൻ വേണ്ടി വിരലിലെണ്ണാവുന്ന ജോലിക്കാർ ഉണ്ടെന്നത് മാറ്റി നിർത്തിയാൽ നിർമാണം നിലച്ച മട്ടാണ്. ഇപ്പോൾ സാധാരണ ടാറിങ് രീതിയിൽ തന്നെയാണ് നിർമാണം നടക്കുന്നതും. ഏതെങ്കിലും വിധത്തിൽ ടാറിങ് പൂർത്തിയാക്കിയാൽ മതിയെന്ന നിലപാടിലാണു നാട്ടുകാരും.
കാൽനടയാത്ര പോലും ദുഷ്കരം
വലിയേല മഠത്തിക്കോണം കോളനി റോഡിൽ കാൽനടയാത്ര പോലും ദുഷ്കരം. 5 വർഷത്തിലേറെയായി നവീകരണം നടത്താതെ ഉപേക്ഷിച്ച റോഡിന്റെ കാലക്കേട് മാറ്റാൻ നടപടിയില്ല. റോഡിനെ ആശ്രയിക്കുന്ന 300 കുടുംബങ്ങൾ ഇതുവഴി ആടിയുലഞ്ഞു വേണം സഞ്ചരിക്കാൻ. സ്റ്റെല്ല മേരീസ് സ്കൂൾ, അങ്കണവാടി, ഹെൽത്ത് സബ് സെന്റർ എന്നിവ അടക്കം ഒട്ടേറെ സ്ഥാപനങ്ങളിൽ എത്താൻ ആശ്രയിക്കുന്ന റോഡിനെ പഞ്ചായത്ത് കയ്യൊഴിയുക ആണെന്നാണു പരാതി.
കോൺക്രീറ്റ് പാതയിൽ ടാറിങ് നടത്തിയ ഭാഗങ്ങളെല്ലാം പാളികളായി ഇളകി നശിച്ചു. ശുദ്ധജല വിതരണത്തിനായി പൈപ്പ് ഇട്ടതും പ്രശ്നമായി. തകർന്ന ഭാഗങ്ങൾ നന്നാക്കാതെ ഉപേക്ഷിച്ചതോടെ ഇതു വീണ്ടും കൂടുതൽ തകർന്നു കുണ്ടും കുഴിയും നിറയുകയായിരുന്നു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ കയറിപ്പറ്റാൻ പോലും കഴിയാതെ അവഗണിക്കപ്പെട്ട റോഡിന്റെ കാലക്കേട് പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധത്തിന്റെ വഴിയിലേക്കു പോകാനാണു നാട്ടുകാരുടെ തീരുമാനം.