ADVERTISEMENT

കൊല്ലം ∙ മുനിസിപ്പൽ കോർപറേഷൻ വന്യജീവി സങ്കേതം തുടങ്ങിയോ എന്നു സംശയിച്ചു പോകും ഈ കാട് കണ്ടാൽ. ആശ്രാമം മൈതാനത്തു വനം വകുപ്പ് ഒരുക്കിയ മിയാവാക്കി വനത്തേക്കാൾ വൃക്ഷനിബിഡമാണ് കിളികൊല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ടി നിർമാണം തുടങ്ങിയ സ്ഥലത്തെ ‘കുട്ടിവനം’.

വളർന്നു നിൽക്കുന്ന മരങ്ങൾക്കിടയിൽ ‘ഭരണമികവ്’ വിളിച്ചോതുന്ന തുരുമ്പെടുത്ത കമ്പിക്കാലുകൾ കാണാം. ഇരുനില കെട്ടിടത്തിന് കോൺക്രീറ്റ് പില്ലർ നിർമിക്കുന്നതിനായി ഉള്ളതാണിത്. ചുതുര ആകൃതിയിലെ കമ്പിക്കെട്ട് ഒഴികെ ഒരു ചട്ടി കോൺക്രീറ്റ് പോലും അതിൽ ഇട്ടിട്ടില്ല. കമ്പിക്കാലുകൾ തുരുമ്പെടുത്തു നിലം പതിക്കാവുന്ന അവസ്ഥയിലും. ഇനി അത് ആക്രി വിലയ്ക്കു വിൽക്കാനേ കഴിയൂ.

തിരഞ്ഞെടുപ്പും ഉദ്ഘാടവും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിനു തൊട്ടുമുൻപായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം. പതിറ്റാണ്ടുകളായി ഇവിടെ പ്രവർത്തിച്ചിരുന്ന സബ് സെന്ററിന്റെ കെട്ടിടം പൊളിച്ചുനീക്കിയാണ് 2021 ഫെബ്രുവരി 17നു മേയർ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.മുകേഷ് എംഎൽഎ ‘കൊല്ലം കോർപറേഷൻ കിളികൊല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ’ നിർമാണോദ്ഘാടനം നടത്തിയത്. ശിലാഫലകം പോലും വേണ്ട രീതിയിൽ ഉറപ്പിച്ചില്ല.

 കമ്പിത്തൂണ് സ്ഥാപിച്ച് അതിൽ ചാരി വയ്ക്കുകയായിരുന്നു. നിലത്തുവീണ ശിലാഫലകം തകർന്നു പോകാതെ സമീപവാസി ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുകയാണ്.എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ഇരുനില കെട്ടിടം പണിയും എന്നാണ് പറഞ്ഞത്. തിരഞ്ഞെടുപ്പ് ആയതിനാൽ നിർമാണം തുടങ്ങി. കമ്പിക്കാലുകൾ ഉയർന്ന ശേഷം പണി മുടങ്ങി.

കിളികൊല്ലൂർ കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമാണോദ്ഘാടനത്തിന്റെ ശിലാഫലകം.
കിളികൊല്ലൂർ കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമാണോദ്ഘാടനത്തിന്റെ ശിലാഫലകം.

 കെട്ടിടനിർമാണത്തിന് 1.29 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ആരോഗ്യകേന്ദ്രത്തിനു വേണ്ടി നേരത്തെ ശ്രീകുമാരപുരം ക്ഷേത്രം സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലത്താണ് സബ് സെന്റർ പ്രവർത്തിച്ചിരുന്നത്. പഴയ കെട്ടിടം പൊളിച്ചു നീക്കിയതോടെ 4 വർഷമായി സബ് സെന്ററിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇപ്പോൾ കെട്ടിടവും ഇല്ല സബ് സെന്ററും ഇല്ല.

കരാറുകാരനെ ഒഴിവാക്കി
കരാറുകാരനെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കി. പുതിയ കരാർ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചതായി മരാമത്ത് വകുപ്പ് അധികൃതർ പറ‍ഞ്ഞു. തന്റെ വീഴ്ച കൊണ്ടല്ല കെട്ടിട നിർമാണം മുടങ്ങിയതെന്നാണു കരാറുകാരൻ പറയുന്നത്. നിർമാണം തുടങ്ങിയപ്പോൾ കോർപറേഷന്റെ അനുമതി ഇല്ലെന്നും 50 സെന്റീമീറ്റർ അകത്തേക്കു മാറ്റണമെന്നും അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടാകാൻ കാലതാമസം ഉണ്ടായി. ഇതിനിടെയാണു പണി നിർത്താൻ ആവശ്യപ്പെട്ടതും തന്നെ ഓഴിവാക്കിയതും എന്നു കരാറുകാരൻ വ്യക്തമാക്കി.

നട്ടം തിരിഞ്ഞ് കരാറുകാർ
∙ കരാറുകാർക്കു ബിൽ തുക ലഭിക്കാതെ ആയതോടെ കോർപറേഷനിൽ നിർമാണം തടസ്സപ്പെടുന്നു. കോർപറേഷൻ പരിധിയിൽ 75ൽ പരം കരാറുകാർ ഉണ്ട്. 20 ലക്ഷം മുതൽ ഒരു കോടിയോളം രൂപ വരെ ഓരോരുത്തർക്കും ലഭിക്കാനുണ്ട്. സാമ്പത്തിക പ്രതിസന്ധി ആയതോടെ മിക്ക പണികളും മുടങ്ങി. ഇതിനു പുറമേ പദ്ധതി വിഹിതം കോർപറേഷൻ വക മാറ്റുന്നതും കരാറുകാർക്കു വെല്ലുവിളിയാണ്. 5 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറുമെന്നാണു സർക്കാർ പറയുന്നതെങ്കിലും ഒരു ലക്ഷം രൂപയിൽ കൂടുതലുള്ളവ മാറുന്നില്ല. 

5 ലക്ഷത്തിലധികമാണ് തുകയെങ്കിൽ ‘ബിൽ ഡിസ്കൗണ്ട് സ്കീം’ അനുസരിച്ചു ബാങ്കുകളിൽ നിന്ന് മാറിയെടുക്കാമത്രെ. ഇതിനു കരാറുകാരൻ 10% പലിശ നൽകണം. പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന പല പണികളുടെയും അടങ്കൽ തുക കോർപറേഷൻ ഭാഗികമായി തനതു ഫണ്ടിലേക്കു മാറ്റുകയാണ്. കരാറുകാർ അറിയാതെയാണ് ഇങ്ങനെ മാറ്റുന്നത്. തനതു ഫണ്ടിന് ബിൽ ഡിസ്കൗണ്ട് സ്കീം (ബിഡിഎസ്) പ്രകാരം തുക മാറിയെടുക്കാൻ ബുദ്ധിമുട്ടുണ്ട്. ഇതുമൂലം ബിഡിഎസ് മുഖേന മാറുന്ന ബില്ലുകൾക്കു ഭാഗികമായി മാത്രമേ പണം ലഭിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com