ജാതി വിവേചനത്തിന് ഇന്ത്യൻ സംസ്കാരവുമായി ബന്ധമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Mail This Article
ഓച്ചിറ∙ ജാതി വിവേചനത്തിന് ഇന്ത്യൻ സംസ്കാരവുമായി ബന്ധമില്ലെന്നും അവ മനുഷ്യ നിർമിതമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള തണ്ടാൻ മഹാസഭ (കെടിഎംഎസ്) പ്ലാറ്റിനം ജൂബിലി ആഘോഷ ഉദ്ഘാടനവും കുഞ്ഞൻ വെളുമ്പൻ സ്മാരക പഠന കേന്ദ്രത്തിന്റെയും കെടിഎംഎസ് കേന്ദ്ര ഓഫിസ് സമുച്ചയത്തിന്റെയും നിർമാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സംസ്കാരത്തിന് എല്ലാവരെയും ഉൾക്കൊള്ളുന്ന സാർവത്രിക സ്വഭാവമുണ്ട്. ഏതു ദൈവത്തിൽ വിശ്വസിച്ചാലും മനുഷ്യത്വത്തിനാണ് ഇന്ത്യൻ സംസ്കാരം വില കൽപിക്കുന്നത്.
മനുഷ്യത്വമുള്ളവരിൽ ദൈവം പ്രസാദിക്കുന്നുവെന്നാണ് ശങ്കരാചാര്യർ പഠിപ്പിച്ചത്. ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ ദുർബല സമുദായമായ തണ്ടാൻ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച കുഞ്ഞൻ വെളുമ്പന്റെ ചരിത്രം അടുത്തറിയാൻ കൂടി ഈ സന്ദർശനം സഹായിച്ചതായും ഗവർണർ പറഞ്ഞു.
കേരളത്തിലെ തെങ്ങുകയറ്റ, മരംകയറ്റ തൊഴിലാളികൾക്ക് ഇൻഷുറൻസ്, ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.ആർ.മഹേഷ് എംഎൽഎ പറഞ്ഞു. കെടിഎംഎസ് പ്രസിഡന്റ് പി.എൻ.പ്രേമചന്ദ്രൻ അധ്യക്ഷനായിരുന്നു.ഓച്ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, കെടിഎംഎസ് ജനറൽ സെക്രട്ടറി ജി.വരദരാജൻ, വൈസ് പ്രസിഡന്റ് എൻ.രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.