ADVERTISEMENT

കരുനാഗപ്പള്ളി ∙ അനാവശ്യമായി ജോലിക്കു ഹാജരാകെ ഡിപ്പോയിൽ ട്രിപ്പ് മുടങ്ങിയാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ആ ജീവനക്കാരിൽ നിന്നു തന്നെ തിരിച്ചു പിടിക്കുമെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. ഉത്തരവാദിത്തമില്ലാതെ ജോലി ചെയ്യാനും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനും ആരെയും അനുവദിക്കില്ല. കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോയിൽ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഓഫിസ്, ജീവനക്കാരുടെ വിശ്രമമുറി എന്നിവയുടെ സമർപ്പണവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു. 

പഞ്ചായത്തുകളോ റസിഡൻസ് അസോസിയേഷനുകളോ കെഎസ്ആർടിസി ജീവനക്കാർക്ക് രാത്രിയിൽ വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കാത്ത ഇടങ്ങളിൽ ഇനി സ്റ്റേ സർവീസുകൾ അയയ്ക്കില്ല. സ്റ്റേ സർവീസുകൾ പോയി രാത്രി തന്നെ തിരിച്ചു വരുന്നത് കാലിയായിട്ടാണ്. ഇതു കെഎസ്ആർടിസിക്ക് വൻ നഷ്ടം ഉണ്ടാക്കുന്നു. കെഎസ്ആർടിസി ഡിപ്പോകളിലെ വെള്ളം വൈദ്യുതി ചെലവുകൾ കുറയ്ക്കാനുള്ള നടപടികളും ആരംഭിക്കും.

ഇവ ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന 10 ഡിപ്പോകൾക്ക് മന്ത്രിക്കൊപ്പം ലഞ്ചും സർട്ടിഫിക്കറ്റും മറ്റ് സമ്മാനങ്ങളും നൽകും. കെഎസ്ആർടിസിയിലെ അനാവശ്യ ചെലവുകൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അനാവശ്യമായി ഒരു പൈസയും പോകാൻ അനുവദിക്കില്ല.

ഡിപ്പോയിലെ പമ്പുകൾ ലീഗൽ മെട്രോളജി വകുപ്പ് ഇനി പരിശോധിക്കും, പമ്പിൽ നിന്ന് പോകുന്ന ഡീസലിന്റെ കണക്കും ഉപയോഗവും പരിശോധനയ്ക്ക് വിധേയമാക്കും. ഊഹക്കണക്കുകൾ ഇനിയില്ല. കെഎസ്ആർടിയുടെ എല്ലാ കാര്യങ്ങളും ഒരു സോഫ്റ്റ്‌വെയറിൽ  കൊണ്ടു വരുന്നതിനുള്ള നടപടികളും ആരംഭിച്ചു. കെഎസ്ആർടിസിയെ ലാഭത്തിലേക്ക് എത്തിച്ചില്ലെങ്കിലും, ആവശ്യത്തിന് പണമുണ്ടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്നും പറഞ്ഞു.

സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, നഗരസഭ കൗൺസിലർ അഷിത എസ്.ആനന്ദ്, ആർ.രാരാരാജ്, ജി.പി.പ്രദീപ്കുമാർ, പി.കെ.ജയപ്രകാശ്, ഐ.ഷിഹാബ്, കെ.എ.ജവാദ്, മനോഹരൻ നായർ, അബ്ദുൽസലാം അൽഹാന, രാജേഷ്. ഡി.സദാനന്ദൻ, തൊടിയൂർ താഹ, പി.രാജു, സി.ജി.വിനീത്, കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജി.അനിൽകുമാർ, ക്ലസ്റ്റർ ഓഫിസർ വി.രാജേഷ്  എന്നിവർ പ്രസംഗിച്ചു. കരുനാഗപ്പള്ളി ഡിപ്പോയിൽ ഏറ്റവും കുടുതൽ കലക്‌ഷൻ നേടിയ ബസിലെ കണ്ടക്ടർ ശ്രീലത, ഡ്രൈവർ സിറാജ് എന്നിവരെ ചടങ്ങിൽ മന്ത്രി കെ.ബി.ഗണേഷ്കുമാർ ആദരിച്ചു. അന്തരിച്ച ആർ.രാമചന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിർമിച്ച ഓഫിസ് കെട്ടിടത്തിന്റെയും സി.ആർ.മഹേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമിച്ച വിശ്രമ മുറികളുടെയും ഭൗതിക സാഹചര്യങ്ങളുടെയും ഉദ്ഘാടനമാണ് നിർവഹിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com